Type Here to Get Search Results !

ബീഹാർ ഗ്രാമങ്ങളിലെ ജീവിത യാഥാർഥ്യങ്ങൾ - ആദില ബാനു

 




ഞാൻ ബീഹാറിൽ വന്നിട്ട് ഇപ്പൊ രണ്ട് മാസത്തിന്റെ അടുത്തായി. ഒരുപാട് ഗ്രാമങ്ങൾ കാണാൻ എനിക്ക് റിഹാബ് അവസരം നൽകി. ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് വളരെ വ്യത്യസ്തമായ ഒരു ഗ്രാമമായിരുന്നു തുപ്കിയ ടൊല എന്നത്.  ആ ഗ്രാമത്തിലേക്ക് ആയിരുന്നു ഞാൻ കഴിഞ്ഞ ദിവസം  പോയത്.  ഗ്രാമത്തിലേക്ക് പോകുന്ന വഴി വളരെ ദുർഗടം നിറഞ്ഞതാണ്.


വിശാലമായി കിടക്കുന്ന വയലാണ് ഈ ഗ്രാമത്തിന്റെ മൂന്ന്  വശവും , ഒരു വശത്ത് ഒരു കുഞ്ഞു നദിയും. തികച്ചും ഒരു ദ്വീപ് എന്ന് പറയുന്ന തരത്തിൽ തന്നെ. ഗ്രാമത്തിലേക്ക് പോകുന്നതിന് കുറച്ച് ദൂരം മെയിൽ റോഡിൽ നിന്ന്  തുടങ്ങുന്ന ഒരു മൺപാതയുണ്ട്. അത് കഴിഞ്ഞാൽ പിന്നെ വിശാലമായി കിടക്കുന്ന വയലും അതിന് കുറുകയും നേരെയുമായി നിരവധി വരമ്പുകൾ. അതിൽ ഒരു വരമ്പിലൂടെ നടന്ന് വേണം ഗ്രാമത്തിലേക്ക് പോകാൻ , ഏകദേശം 2. കി.മീ ദൂരം വയലിലൂടെ നടക്കണം. മഴ പെയ്തത് കൊണ്ട് ചളിയായി കിടക്കുകയാണ് വരമ്പിൽ നിരവധി സ്ഥലങ്ങളിൽ.




41 കുടുംബങ്ങൾ ആണ് ഈ ഗ്രാമത്തിൽ ജീവിക്കുന്നത്. ഗ്രാമത്തിൽ  റിഹാബിന്റെ ഒരു കമ്മ്യൂണിറ്റി സെന്റർ ഉണ്ട്. അതൊരു ഉയർത്തി കെട്ടിയ ഫൗണ്ടേഷൻ ഉള്ള ഇരു ചെറിയ ഇരുനില  കെട്ടിടമാണ്. ഗ്രാമത്തിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അവിടെ ട്യൂഷൻ നടത്തി വരുന്നു.


ഈ ഗ്രാമത്തിന് സ്വന്തമായി ഒരു സർക്കാർ പ്രൈമറി  സ്കൂൾ ഒന്നുമില്ല.  നേരത്തെ പറഞ്ഞ  3 കി.മീ നപ്പുറം മെയിൻ റോഡിനോട് ചേർന്ന് ഒരു മിഡിൽ സ്കൂൾ ഉണ്ട്. പക്ഷെ അവിടേക്ക് ഈ ഗ്രാമത്തിലെ കുട്ടികൾക്ക് സ്ഥിരമായി പോകാൻ ഒരുപാട് തടസ്സങ്ങളും പ്രയാസങ്ങളും  നേരിടേണ്ടതായി വരുന്നുണ്ട്. അതായത്, ഗ്രാമത്തിൽ നിന്നും സ്കൂളിലേക്ക് എത്താൻ പാട വരമ്പുകളിലൂടെ നടക്കണം.  മഴ കാരണം ചെളി കെട്ടി ശരിക്കും നടക്കാൻ പോലും പറ്റുന്നില്ല.




നല്ല മഴ പെയ്താൽ ആ ഗ്രാമം മുഴുവനും വെള്ളത്തിനടിയിലാണ്. അത് കൊണ്ടാണ് റിഹാബ് അവിടെ നല്ല ഉയരത്തിൽ ഫൗണ്ടേഷനോട് കൂടെ ഇരു നില കെട്ടിടം പണിതത്. ചില വെള്ളപ്പൊക്ക സമയത്ത് ഗ്രാമത്തിലുള്ള മുഴുവൻ ആളുകളും റിഹാബിന്റെ കമ്മ്യൂണിറ്റി സെന്ററിലാണ് നിൽകാറ്. മനുഷ്യരും കന്നുകാലികളുമെല്ലാം ആ കോമ്പൗണ്ടിലേക്ക് കയറാറാണ് പതിവ്. വെള്ളപൊക്ക സമയങ്ങളിൽ റിഹാബ് വളണ്ടിയേഴ്സ് ഗ്രാമവാസികളെ നിരവധി തവണ ചങ്ങാടങ്ങളിലും തോണികളിലുമായി രക്ഷാ പ്രവർത്തനം നടത്തിയ അനുഭവങ്ങൾ പ്രോഗ്രാം മേനേജർ ഇസാഫ്ക്ക പങ്കുവെച്ചു.

 

ഇവിടേക്ക് റോഡ് വരാത്തത് ഈ പാടങ്ങൾ മറ്റ് ഗ്രാമങ്ങളിലെ ജന്മിമാരുടെ കൈവശമാണ്.  അവർ ജാതി വർഗ ചിന്താഗതിയുടെ ഭാഗമായി ഈ ഗ്രാമവാസികൾക്ക് റോഡിനുള്ള സ്ഥലം വിട്ട് നൽകുന്നില്ല.  വളരെ കുറച്ച് ഭൂമി മാത്രമെ ഗ്രാമ വാസികളുടെതായിട്ടൊള്ളൂ. കൂടുതലായും ഗ്രാമത്തിൽ ദിവസ വേതനത്തിന് ജോലി ചെയുന്നവരും പാട്ടത്തിന് ഭൂമി എടുത്ത് കൃഷി ചെയ്യുന്നവരുമാണ്.  പിന്നെ ഈ ഗ്രാമത്തിലേക്ക് എത്താൻ മറ്റൊരു വഴി ഉണ്ട്. അത് പുഴ കടന്ന് വേണം പോകാൻ. അത് ഗ്രാമത്തിന്റെ പിൻവശത്ത് കൂടെയാണ്. അവടെ നോക്കിയാൽ കാണുന്ന ദൂരത്തിൽ മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്ന വഴിയുണ്ട്. പക്ഷെ പുഴ കടന്നാൽ മറ്റൊരു ബ്ലോക്കും, മറ്റ് നിയമസഭ മണ്ഡലവുമാണ്. അത് കൊണ്ട് തന്നെ അതിലൂടെ ഒരു പാലം നിർമിക്കാൻ ആവശ്യപെട്ടാൽ , ഇക്കാരണത്താൽ ജനപ്രതിനിധികൾ കൈമലർത്തി കാണിക്കുന്നു.  അങ്ങനെ ഒരുപാട് തടസ്സങ്ങൾ ഈ ഗ്രാമീണർ നേരിടുന്നുണ്ട്. 




പിന്നെയുള്ളത് ആ ഗ്രാമത്തിലേക്ക് എത്താനുള്ള വഴികളിൽ മഞ്ഞ് കാലമായാൽ രണ്ടാൾ ഉയരത്തിൽ ചോള കൃഷിയാണ് . ആ ചോള വയലിലൂടെ ഉള്ള നടത്തം കുട്ടികളെ ഭയപ്പെടുത്തുന്നതാണ് , പോരാത്തതിന് ഈ സമയങ്ങളിൽ ഇഴ ജന്തുക്കളുടെ ശല്യവും . അത് കൊണ്ട് തന്നെ കുട്ടികൾക്കും , അവരുടെ രക്ഷിതാക്കൾക്കും അപ്പുറത്തെ ഗ്രാമത്തിലുള്ള സ്കൂളിലേക്ക് പോകാൻ ഭയമാണ്.

റിഹാബ് വരുന്നതിന് മുമ്പ് ഒരു 10% വിദ്യാർത്ഥികൾ മാത്രമാണ് അവിടെ നിന്ന് സ്കൂളിൽ പോയിരുന്നത്. ഇപ്പോൾ 90% ത്തിന് മുകളിലാണ് അതിന്റെ കണക്ക്. ആ ഗ്രാമത്തിലെ വിദ്യാർത്ഥികളെ കമ്മ്യൂണിറ്റി സെന്ററിൽ പഠിപ്പിക്കുന്നതിന് ആവിശുമായ 10-ാം തരവും ഇന്ററും കഴിഞ്ഞ വിദ്യാർത്ഥികൾ ഇല്ലായിരുന്നു. 5 കി.മീ നപ്പുറത്ത് ഉള്ള ഗ്രാമത്തിലുള്ളവരായിരുന്നു റിഹാബിന്റെ ടീച്ചർമാർ . ഇന്ന് ആ ഗ്രാമത്തിലുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആ ഗ്രാമത്തിൽ നിന്ന് തന്നെ 10ാം തരം പാസായ വിദ്യാർത്ഥികൾ ഉണ്ടായിരിക്കുന്നു എന്നതാണ് റിഹാബിന്റെ പ്രവർത്തന വിജയം.





ഗ്രാമത്തിൽ കറന്റ് കിട്ടി തുടങ്ങിയിട്ട് ഒരുവർഷമെ ആയിട്ടൊള്ളൂ. റിഹാബ് വന്നതിന് ശേഷമുള്ള പരിശ്രമത്തിന്റെ ഫലമാണ് അത് സാധ്യമായത്. ഇൻഷാ അള്ളാഹ അവരുടെ കുട്ടികൾ ഭയമില്ലാതെ സ്കൂളുകളിലേക്ക് പോകാൻ ഒരു റോഡിന്റെ ആവിശ്യകത കൂടി ആ ഗ്രാമത്തിന് ഉണ്ട്. റിഹാബും ഗ്രാമത്തിലെ ജനങ്ങളും അതിനുള്ള നിതാന്ത പരിശ്രമത്തിലാണ്.





ഇനിയും ബീഹാറിലെ ഗ്രാമങ്ങളെ കുറിച്ച് ഒരുപാട് എഴുതണം. ഇൻഷാ അല്ലാഹ്, എല്ലാവരും അറിയണം ഇവിടുത്തെ ജീവിതങ്ങൾ..........
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe