Type Here to Get Search Results !

'എയര്‍ടെലി'ല്‍ നിന്ന്​ വിളി, 10 രൂപ അടച്ചു; മുന്‍സൈനികന്‍റെ 4.34 ലക്ഷം ​രൂപ തട്ടി

 




ചണ്ഡീഗഡ്: എയര്‍ടെല്‍ കസ്റ്റമര്‍ കെയറില്‍നിന്ന്​ എന്ന വ്യാജേന ഫോണ്‍ വിളിച്ച ഓണ്‍ലൈന്‍ തട്ടിപ്പ്​ സംഘം മുന്‍ സൈനികന്‍റെ 4.34 ലക്ഷം തട്ടിയെടുത്തു. ചണ്ഡീഗഢിലെ 83 കാരനാണ്​ സൈബര്‍ തട്ടിപ്പിന്​ ഇരയായത്​.



മൊബൈല്‍ സിം കാര്‍ഡിന്‍റെ സേവനം തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഉപഭോക്താവിന്‍റെ വിവരങ്ങള്‍ (കെ‌.വൈ.‌സി) അപ്​ഡേറ്റ്​ ചെയ്യണമെന്ന് പറഞ്ഞാണ് ജഗ്ബീര്‍ സിങ്​ ധില്ലന്‍ (83) എന്ന മുന്‍ ബി.എസ്.എഫ് കമാന്‍ഡന്റിനെ തട്ടിപ്പുകാര്‍ ഫോണില്‍ ബന്ധപ്പെട്ടത്​. ജനുവരി 31, ഫെബ്രുവരി 1 തീയതികളിലാണ് തട്ടിപ്പ് നടന്നത്.


കെ.വൈ.സി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട്​ ആദ്യം ധില്ലന്‍റെ മൊബൈല്‍ ഫോണില്‍ ഒരു എസ്.എം.എസ് ലഭിച്ചിരുന്നു. അങ്ങനെ ചെയ്​തില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സിം സസ്പെന്‍ഡ് ചെയ്യുമെന്ന്​ വ്യക്​തമാക്കിയ സന്ദേശത്തില്‍, സഹായത്തിന്​ വിളിക്കാന്‍ കസ്റ്റമര്‍ കെയര്‍ നമ്ബറും നല്‍കിയിരുന്നു. എന്നാല്‍, ഈ എസ്​.എം.എസ്​ തട്ടിപ്പാകുമെന്ന്​ കരുതി ധില്ലന്‍ അവഗണിച്ചു.


അടുത്ത ദിവസം എയര്‍ടെല്ലിന്‍റെ എക്‌സിക്യൂട്ടീവാണെന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ ഫോണ്‍ വിളിച്ചു. ധില്ലനോട്​ മൊബൈലില്‍ എനി ഡെസ്ക് (any desk) എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അയാള്‍ ആവശ്യപ്പെട്ടു. ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത ശേഷം, ഡെബിറ്റ് കാര്‍ഡ് വഴി 10 രൂപ സര്‍വിസ്​ ചാര്‍ജ്​ അടയ്ക്കാന്‍ 'എക്‌സിക്യൂട്ടീവ്​' ധില്ലനോട് പറഞ്ഞു. പറഞ്ഞതു പോലെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌​ പണം നല്‍കി. എന്നാല്‍, പണം നല്‍കിയത് വിജയിച്ചില്ലെന്നും മറ്റൊരു ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണം നല്‍കണമെന്നും വിളിച്ചയാള്‍ ആവശ്യപ്പെട്ടു.


അതോടെ ധില്ലന്‍ മകന്‍റെ സഹായം തേടി. മകന്‍റെ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഉപയോഗിച്ച്‌​ 10 രൂപ നല്‍കി. പിന്നാലെ അക്കൗണ്ടില്‍ നിന്ന് 9,000 രൂപ നഷ്​ടമായി. ഫെബ്രുവരി ഒന്നിന് വീണ്ടും ഒരു കോള്‍ ലഭിച്ചു. ബാങ്കിലെ ജീവനക്കാരനാണെന്നാണ്​ വിളിച്ചയാള്‍ സ്വയം പരിചയപ്പെടുത്തിയത്​. തുടര്‍ന്ന് ഇയാള്‍ വാട്‌സ്‌ആപ്പ് വഴി എസ്​.ബി.ഐ ക്വിക്ക് സപ്പോര്‍ട്ട് എന്ന ഫയല്‍ അയച്ചു. ധില്ലന്‍ അത്​ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു.


സംശയം തോന്നിയ ഇവര്‍ അന്നുതന്നെ ബാങ്കിലെത്തി പരിശോധിച്ചപ്പോള്‍ രണ്ട് തവണയായി രണ്ട്​ ലക്ഷം രൂപയും 2.25 ലക്ഷം രൂപയും അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന്​ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചണ്ഡീഗഡിലെ സെക്ടര്‍ 36 പൊലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 419, 420, 120-B വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe