Type Here to Get Search Results !

വര്‍ക്കല തീപിടിത്തം; തീ പടര്‍ന്നത് കാര്‍പോര്‍ച്ചില്‍ നിന്ന്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 




തിരുവനന്തപുരം: വര്‍ക്കല ദളവാപുരത്ത് വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളി പോലീസ്.


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കാര്‍പോര്‍ച്ചില്‍ നിന്നാണ് വീട്ടിലേക്ക് തീ പടര്‍ന്നതെന്നാണ് പോലീസ് പറയുന്നത്. കാര്‍ പോര്‍ച്ചിലെ എല്‍ഇഡി ബള്‍ബിന്റെ വയര്‍ ഷോര്‍ട്ടായതാണ് തീപിടിത്തത്തിന് കാരണം. തീപ്പൊരി പോര്‍ച്ചിലെ ബൈക്കില്‍ വീഴുകയും പടര്‍ന്ന് പിടിക്കുകയുമായിരുന്നു. പിന്നാലെ പൊട്ടിത്തെറിയുണ്ടായി. തുടര്‍ന്ന് തീപ്പൊരി ജനല്‍ ഭാഗത്ത് കൂടി ഹാളിലും പടര്‍ന്നു.


അതിനിടെ, വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് പ്രത്യേക സംഘം സംഭവത്തില്‍ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് അയല്‍വാസികളാണ് വീടിന് തീപിടിച്ചത് പോലീസിനെയും അ​ഗ്നിരക്ഷാ സേനയെയും അറിയിക്കുന്നത്. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.


രാവിലെ ഇലക്‌ട്രിക് പരിശോധനാ വിഭാഗം ഉദ്യോഗസ്ഥ സംഘം തീപിടിത്തമുണ്ടായ വീട്ടിലെത്തി മീറ്റര്‍ ബോക്സും വയറിംഗും വിശദമായി പരിശോധിച്ചിരുന്നു. സര്‍ക്യൂട്ട് ബ്രേക്കറിന് കാര്യമായി നാശം സംഭവിച്ചിട്ടുണ്ട്. കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് ഇലക്‌ട്രിക് ഇന്‍സ്പെക്ടറേറ്റ് വിഭാഗം അധികൃതര്‍ പറഞ്ഞു. ഇന്നലെ ഫോറന്‍സിക് വിഭാ​ഗം പരിശോധന നടത്തിയിരുന്നു. ഫോറന്‍സിക് പരിശോധന ഫലവും തീപിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്.


അതിനിടെ, തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഹുലിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഴിയുന്ന നിഹുലിന്‍റെ മൊഴിയും നിര്‍ണ്ണായകമാകും. മരിച്ച അഞ്ച് പേരുടെയും സംസ്കാരം നാളെ നടത്താനാണ് കുടുംബം ആലോചിക്കുന്നത്. അഭിരാമിയുടെ അച്ഛന്‍ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.


അതേസമയം, തീപ്പിടിത്തമുണ്ടായ വീടിന് ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. അസ്വഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് നിഗമനം. രാത്രി ഒന്നേകാലോടെ തീപിടിത്തമുണ്ടാകുന്നത് കണ്ട നാട്ടുകാര്‍ക്ക് വീട്ടിനുള്ളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയിരുന്നു. വളര്‍ത്തു നായെയും അഴിച്ചുവിട്ടിരുന്നു. പിന്നീട്, നാട്ടുകാര്‍ ബഹളുമുണ്ടാക്കിയിട്ടും വീട്ടിലുള്ളവ‍ര്‍ ഉണരാത്തതിനാല്‍ നിഹുലിനെ അയല്‍വാസി ഫോണില്‍ വിളിച്ചുണര്‍ത്തുകയായിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe