Type Here to Get Search Results !

പത്താം ക്ലാസില്‍ മുഴുവന്‍ എ പ്ലസ് വാങ്ങിയ മിടുക്കി, ജീവാ മോഹന്‍ ആത്മഹത്യ ചെയ്തതെന്തിന്?





തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവാ മോഹന്‍ ആത്മഹത്യ ചെയ്തതെന്തിന്?


ഞെട്ടലോടെ പരസ്പരം ചോദിക്കുകയാണ് നാട്ടുകാര്‍. വിങ്ങലടക്കാനാകാതെ നില്‍ക്കുന്ന ജീവയുടെ മുത്തച്ഛനോ അമ്മയ്ക്കോ അനിയത്തിക്കോ സംസാരിക്കാന്‍ പോലുമാകുന്നില്ല. മൊബൈല്‍ ഫോണിനടിമയായെന്ന വിഷമം ആറ് താളുകള്‍ നീണ്ട ആത്മഹത്യാക്കുറിപ്പിലെഴുതി വച്ചാണ് ജീവ ആത്മഹത്യ ചെയ്യുന്നത്. കൃത്യസമയത്ത് കൗണ്‍സിലിംഗോ, ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവിദഗ്ധരുടെ സഹായമോ കിട്ടിയിരുന്നെങ്കില്‍ ഇപ്പോഴും ജീവിച്ചിരുന്നേനെ ഈ മിടുക്കിയായ പെണ്‍കുട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും വേദനയോടെ പറയുന്നു.


മിടുമിടുക്കിയായിരുന്നു ജീവ...


പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി പാസ്സായ മിടുമിടുക്കിയായിരുന്നു ജീവ. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടി. അച്ഛന്‍ നേരത്തേ മരിച്ചു. അതിന്‍റെ വേദനകളുണ്ടായിരുന്നെങ്കിലും അമ്മയും അനിയത്തിയും മുത്തശ്ശനും മുത്തശ്ശിയും ഏറെ സ്നേഹത്തോടെ കഴിയുന്ന കുടുംബമായിരുന്നു അത്. ജീവയുടെ അപ്രതീക്ഷിത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.


ഇന്നലെ രാവിലെ പഠിക്കാന്‍ മുറിയില്‍ കയറിയ പതിനാറുകാരി ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി ജനല്‍ ചില്ല് പൊളിച്ചപ്പോള്‍ കണ്ടത് മുകളിലെ നിലയിലെ കിടപ്പുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍.


''വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ല മതിപ്പുള്ള കുട്ടിയായിരുന്നു. എല്ലാം മനസ്സിലാക്കി പഠിക്കുന്ന, മികച്ച ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു. എല്ലാവര്‍ക്കും വളരെ ഇഷ്ടമായിരുന്നു ജീവയെ'', ബന്ധുവായ അനില്‍കുമാര്‍ പറയുന്നു.


'ഫോണില്‍ നിന്ന് മോചനം കിട്ടുന്നില്ല'


ആറ് താളുകളിലായി വലിയൊരു കുറിപ്പെഴുതി വച്ചാണ് ഈ പതിനാറുകാരി ജീവനൊടുക്കിയത്. മൊബൈല്‍ ഫോണിന് അടിമയായിപ്പോയി. പഠനത്തില്‍ ശ്രദ്ധ കിട്ടുന്നില്ല. ഉറ്റ കൂട്ടുകാരില്ല... ആറ് താളുകളിലായി മനസ്സിനെ ഉലച്ച, വേദനയിലാഴ്ത്തിയ വിഷമങ്ങളെക്കുറിച്ചെല്ലാം നീണ്ട കുറിപ്പെഴുതി വച്ച്‌ യാത്ര പറഞ്ഞു ജീവ. ടെന്‍ഷന്‍ വരുമ്ബോള്‍ ബിടിഎസ് അടക്കമുള്ള കൊറിയന്‍ സംഗീതബാന്‍ഡുകളില്‍ അഭയം തേടുമായിരുന്നു ജീവ. വേറെ വഴിയില്ല. കൂട്ടുകാരില്ല. ഒറ്റപ്പെട്ടുപോയെന്ന ദുഃഖമാണ് ജീവ എഴുതിയ കുറിപ്പുകളില്‍ നിറയെ...


''പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമേ തോന്നുന്നുള്ളൂ. എനിക്കെന്തായാലും ഇങ്ങനെ സംഭവിച്ചു, തന്‍റെ അനിയത്തിക്ക് മൊബൈല്‍ കൊടുക്കരുത്. അവള്‍ക്കിങ്ങനെ സംഭവിക്കരുതെന്നെല്ലാം അവളാ കത്തില്‍ എഴുതിവച്ചിട്ടുണ്ട്'', എന്ന് ബന്ധുവായ ബിനുകുമാര്‍ പറയുന്നു.


ഫോണില്‍ നിന്നും തനിക്ക് മോചനം ലഭിക്കുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ജീവയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അവള്‍ എഴുതുന്നതിങ്ങനെ:''അമ്മേ, പഠിക്കാന്‍ ഫോണ്‍ വാങ്ങിയിട്ട് അമ്മയെ താന്‍ പറ്റിക്കുകയായിരുന്നു. പഠിക്കുന്നതിന് പകരം മ്യൂസിക് ബാന്‍ഡുകള്‍ കേള്‍ക്കുകയായിരുന്നു ഞാന്‍. എനിക്ക് പശ്ചാത്താപമുണ്ട്. അമ്മ തന്‍റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങുമ്ബോള്‍ ദേഷ്യം വരാറുണ്ട്'', സങ്കടത്തോടെ ജീവ എഴുതുന്നു.


സാധാരണ കാണും പോലെ ഓണ്‍ലൈന്‍ സൗഹൃദങ്ങളോ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ പെണ്‍കുട്ടിക്കില്ലെന്ന് മൊബൈല്‍ ഫോണ്‍ പ്രാഥമികമായി പരിശോധിച്ച പൊലീസ് പറയുന്നു. കൂടുതല്‍ വ്യക്തത വരുത്താന്‍ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും. മൊബൈല്‍ ഫോണ്‍ അഡിക്ഷനോടൊപ്പം പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിഷാദവുമാകാം മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ കല്ലമ്ബലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe