Type Here to Get Search Results !

ഹനുമാൻ ക്ഷേത്രമെന്ന് വാദം; ടിപ്പു സുൽത്താൻ പണിത പള്ളിയിലേക്ക് മാർച്ച് നടത്തി ഹിന്ദുത്വ സം​ഘടനകൾ





കർണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം കോട്ടയിൽ ടിപ്പു സുൽത്താൻ നിർമിച്ച ജാമിഅ മസ്ജിദി (മസ്ജിദെ-അഅ്‌ല) നെതിരെ ഹിന്ദുത്വ സംഘടനകൾ വീണ്ടും രം​ഗത്ത്. സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞ മറികടന്ന് വിഎച്ച്പി, ബജ്രം​ഗ്ദൾ അടക്കമുള്ള ഹിന്ദുത്വ- സംഘ്പരിവാർ സംഘടനാ പ്രവർത്തകർ ശനിയാഴ്ച നഗരത്തിൽ മാർച്ച് നടത്തി.


 


'ശ്രീരംഗാപട്ടണം ചലോ' എന്ന പേരിലാണ് പ്രകോപന- വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബൈക്ക് റാലി സംഘടിപ്പിച്ചത്. എന്നാൽ മസ്ജിദിന്റെ ഭാഗത്തേക്ക് കടത്തിവിട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഹനുമാൻ ക്ഷേത്രമെന്ന് അവകാശവാദമുയർത്തിയാണ് 18ാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ നിർമിച്ച പള്ളിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വന്നത്.


 


വിഎച്ച്പിയെ കൂടാതെ നേരത്തെ നരേന്ദ്രമോദി വിചാർ മഞ്ച്, ശ്രീരാമ സേന എന്നീ ഹിന്ദുത്വ സംഘടനകളും പള്ളിയിൽ അവകാശവാദം ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു. നഗരത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിന് ശ്രീരാം സേനാ തലവൻ സംസ്ഥാനത്തെ ബിജെപി സർക്കാറിനെ വിമർശിക്കുകയും ചെയ്തിരുന്നു.




 


ജാമിയ മസ്ജിദ് ക്ഷേത്രം പള്ളിയാക്കി മാറ്റിയതാണെന്നും അവിടെ ആഞ്ജനേയ വിഗ്രഹത്തെ പൂജിക്കാൻ അനുവദിക്കണമെന്നുമാണ് നരേന്ദ്രമോദി വിചാർ മഞ്ച് പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മെയ് പകുതിയോടെ മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർക്ക് ഇവർ അപേക്ഷ നൽകിയിരുന്നു. പള്ളിയുടെ പരിസരത്തെ കുളത്തിൽ കുളിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിരുന്നു.


 


ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന പൈതൃക സ്ഥലമാണ് ടിപ്പു സുൽത്താന്റെ ഭരണകാലത്ത് 1784ൽ പണിത ജാമിഅ മസ്ജിദ്. രണ്ട് നിലകളുള്ള പള്ളിയിൽ രണ്ടു മിനാരങ്ങളുണ്ട്. 200 പടവുകളുള്ള മിനാരങ്ങളിലും ഭിത്തികളിലും മനോഹരമായ കൊത്തുപണികളുമുണ്ട്. ജാമിഅ മസ്ജിദിൽ ഒരു മദ്‌റസയും പ്രവർത്തിക്കുന്നുണ്ട്.


 


ബാബരി മസ്ജിദ് തകർത്തതു പോലെ കർണാടക ​ഗദാ​ഗിലെ ജാമിഅ മസ്ജിദും പൊളിക്കണമെന്ന ആഹ്വാനവുമായി ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക് രം​ഗത്തെത്തിയിരുന്നു. പള്ളി പൊളിച്ച സ്ഥലത്ത് വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിക്കണമെന്നും തീവ്ര ഹിന്ദുത്വ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഗദാഗ് ജില്ലയിൽ 2021 ഒക്ടോബർ 17ന് നടന്ന സമ്മേളനത്തിലായിരുന്നു മുത്തലിക്കിന്റെ വർഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗം.


 


പള്ളിയിൽ അംഗസ്‌നാനം നടത്തുന്ന കുളം വറ്റിച്ചപ്പോൾ ശിവലിംഗം കണ്ടെന്ന പരാതിയിൽ വരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ ഒരുഭാഗം അടച്ചിടാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കർണാടകയിലും പള്ളിക്കു മേൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്തു വന്നത്. എന്നാൽ പള്ളി അടച്ചിടാൻ പാടില്ലെന്നും മുസ്‌ലിങ്ങളുടെ നമസ്കാരം തടയരുതെന്നും പിന്നീട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.


 


ഇതു കൂടാതെ മഥുര ശാഹി ഈദ്ഗാഹ്, കുതുബ് മിനാർ പള്ളി തുടങ്ങിയ പള്ളികൾക്കെതിരെയും വിവിധ ഹിന്ദുത്വ സംഘടനകൾ കോടതി വഴിയും അല്ലാതെയും അവകാശ വാദം ഉന്നയിച്ചിച്ച് രം​ഗത്തുവന്നിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe