മാനഗരം, കൈദി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് മാസ്റ്ററീലൂടെ ഒരു വിജയ് ചിത്രം ഒരുക്കിയെങ്കിലും പൂര്‍ണ തൃപ്തി പ്രേക്ഷകര്‍ക്ക് ലഭിക്കാതെ പോയ ഒരു വിജയ്-ലോകേഷ് മിക്‌സ് ആയിരുന്നു മാസ്റ്റര്‍. എന്നാല്‍ തന്നിലെ ക്രാഫ്റ്റ്മാനെ രാകി മിനുക്കി തനിക്കേറ്റവും പ്രിയപ്പെട്ട താരത്തിന് ഒരു ട്രിബ്യൂട്ട് ഒരുക്കിയിരിക്കുകയാണ് ലോകേഷ് വിക്രം എന്ന കമലഹാസന്‍ ചിത്രത്തിലൂടെ.
കോളിവുഡില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന, ടൈപ്പ് കാസ്റ്റ് എന്ന വിമര്‍ശനത്തിന് ഇട നല്‍കാനാത്ത വിധം സിനിമയെ സമീപിക്കുന്ന കമലഹാസന്‍ അടുത്ത കാലത്തായി തന്റെ ആരാധകരെ വേണ്ട വിധത്തില്‍ തൃപ്തിപ്പെടുത്തിയിരുന്നില്ല. വിക്രത്തിലേക്ക് വരുമ്പോള്‍ ആ കുറവ് കൃത്യമായി പരിഹരിക്കുന്നുണ്ട് ലോകേഷ്.
![]() |
വലിയൊരു താര നിരയെ ചിത്രത്തില്‍ അണിനിരത്തുന്ന ലോകേഷ് എല്ലാ താരങ്ങള്‍ക്കും കൃത്യമായ സ്‌ക്രീന്‍ സ്‌പേസും കഥാപാത്രളുടെ വളര്‍ച്ചയെ വ്യക്തമായി വരച്ചിടുകയും ചെയ്യുന്നു. ആക്ഷന്‍ ചിത്രം ആവശ്യപ്പെടുന്ന ചടുലതയും ഉദ്വേഗവും നിലനിര്‍ത്തി മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം ശക്തമായ തിരക്കഥയാണ്. അവതരണത്തിലെ കൈയൊതുക്കം സിനിമയെ ചടുലമാക്കി മാറ്റുന്നു.
ഏറെക്കാലത്തിന് ശേഷം കമലഹാസനെ അദ്ദേഹത്തിലെ താരത്തേയും നടനേയും ഉപയോഗപ്പെടുത്തുന്ന ഒരു കഥാപാത്രമായി കാണാന്‍ കഴിഞ്ഞു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. താരങ്ങളുടെ പ്രകടനമാണ് ചിത്രത്തിന്റെ കരുത്ത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ ഗംഭീര പ്രകടനത്തിനൊപ്പം സൂര്യയും മര്‍മ്മ പ്രധാനമായ വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്.
നരേന്‍, കാളിദാസ് ജയറാം എന്നിവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഗിരീഷ് ഗംഗാധരൻ്റെ ഛായാഗ്രഹണം ചിത്രത്തിൻ്റെ ജോണറിനോട് നീതി പുലര്‍ത്തുന്നുണ്ട്. രാത്രി ദൃശ്യങ്ങളിലെ മികവ് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. സംഘട്ടനത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനായി മികച്ച സംഘട്ടനരംഗങ്ങളാണ് അന്‍പറിവ് ഒരുക്കിയിരിക്കുന്നത്.
VIDEO
മാസ്റ്ററില്‍ നഷ്ടപ്പെട്ട ചടുലത ലോകേഷ് വിക്രത്തില്‍ തിരിച്ച് പിടിക്കുന്നുണ്ട്. ഒപ്പം താരങ്ങള്‍ക്കപ്പുറത്തേക്ക് അഭിനേതാക്കളെ കഥാപാത്രങ്ങളായി പരിഗണിക്കുന്നു എന്നതും വിക്രത്തിന്റെ പ്ലസ് പോയിന്റാണ്. റിലീസിന് മുന്‍പുണ്ടായിരുന്ന ഹൈപ്പ് നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട് ഈ കമലഹാസന്‍ ചിത്രത്തിന്.
കൈദി റെഫറന്‍സ് മാത്രമല്ല ആ ചിത്രവുമായി വിക്രത്തെ മികച്ച രീതിയില്‍ കണക്ട് ചെയ്യുന്നുണ്ട് ലോകേഷ്. വിക്രത്തിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന ഉറപ്പിനൊപ്പം അത് കൈദിയുടേയും ആയിരിക്കുമെന്ന പ്രതീതിയും സൃഷ്ടിക്കുന്നുണ്ട് ലോകേഷ്.