Type Here to Get Search Results !

ബീഹാറിന്റെ ജീവിത യാഥാർഥ്യങ്ങൾ ; ഒരു നേർക്കാഴ്ച

 
ന്ത്യ എന്ന മഹാ രാജ്യത്തിന് പല മുഖങ്ങൾ ഉണ്ട്. ഇന്ത്യയിലെ ഓരോ പ്രദേശവും വ്യത്യസ്ത കാലഘട്ടങ്ങളെ അടയാളപ്പെടുത്തുമാറാണ് അതിന്റെ ഭൂമി ശാസ്ത്രവും സംസ്കാരവും , ജീവിത രീതിയുമെല്ലാം. ഈ വൈചാത്യങ്ങളിലെ വൈവിദ്യം കാരണമാണല്ലൊ ഈ മഹാരാജ്യത്തെ സോവറീങ് സോഷ്യലിസ്റ്റ് സെക്യുലർ ഡെമോക്രാറ്റിക് റിപ്പബ്ളിക് എന്നെ ല്ലാം വിളിക്കുന്നത്. സംഗതി ഇപ്പൊ ഇതെല്ലാം ശരിയായ രീതിയിൽ പൗരന്മാർ അനുഭവിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽകുന്നുണ്ടങ്കിലും, നമ്മള് ഈ പറഞ്ഞ പോലത്തെ രാജ്യമാണ്.
കേരളത്തിൽ വളർന്നത് കൊണ്ട് തന്നെ ഇന്ത്യയുടെ വിദൂര ദിക്കുകളിലെ ഗ്രാമപ്രദേശങ്ങളിലെ ജനജീവിതം , അവരുടെ സംസ്കാരം, അചാരങ്ങൾ , മാനസികാവസ്ഥ, കാഴ്ചപ്പാട് എന്നിവയിൽ ഞാൻ അത്രത്തോളം അറിവുള്ളവളായിരുന്നില്ല. ബീഹാറിലെ ഗ്രാമങ്ങളിൽ എന്റെ കാൽപാദം സ്പർശിക്കും വരെ. ഡൽഹിയിൽ ഒന്നര വർഷം ജീവിച്ചത് മാത്രമാണ് എന്റെ ഉത്തരേന്ത്യൻ അനുഭവങ്ങൾ. അവിടുത്തെ കുചേലൻ മാരുടെ ചേരികളും കുബേരൻമാരുടെ റെസിഡൻഷ്യൽ അപ്പാർട്മെന്റ്കളും , വില്ലകളുമാണ് എന്റെ അറിവിലെ ഞാൻ കണ്ട നോർത്ത് ഇന്ത്യ.


വേഗം കൊണ്ട് മറ്റുള്ളവനെ തിരിഞ്ഞ് നോക്കാൻ സമയമില്ലാത്ത മെട്രോപോളിറ്റൻ ഇന്ത്യ കണ്ട എനിക്ക് ഇന്ത്യയുടെ  ഗ്രാമങ്ങൾ കാണാൻ വല്ലാത്തൊരു ഇഷ്ടമായിരുന്നു. ഇന്ത്യയുടെ കുഗ്രാമങ്ങൾ തേടിയുള്ള യാത്ര എന്നെ ബീഹാറിലേക്ക് എത്തിച്ചു. ഇന്ത്യയിൽ തന്നെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ. അതെ സഛാർ കമ്മറ്റി റിപ്പോർട്ടിൽ മിസ്റ്റർ രജീന്ദർ സച്ചാറും ടീമും എടുത്ത് പറഞ്ഞ ബീഹാറിലെ തന്നെ ഏറ്റവും പിന്നോക്ക പ്രദേശമായ സീമാഞ്ചൽ ജില്ലകളിൽ ഞാൻ എത്തി.
ബീഹാറിലേക്ക് സെപ്റ്റംബർ 3 നാണ് ഭാഗ്ഡോഗ്ര എയർപ്പോർട്ടിൽ വിമാനം ഇറങ്ങുന്നത്. ഈ എയർപോർട്ട് ബിഹാറിലല്ല, ബംഗാളിലാണ് സിലംഗുരിക്കടുത്ത്. സീമാഞ്ചൽ പ്രവിശ്യയിൽ വിമാനത്താവളങ്ങളൊന്നും ഇല്ല , അത്കൊണ്ട് ബംഗാളിലെ ഈ എയർപോർട്ടാണ് ഏക ആശ്രയം. പിന്നെ ഇവിടെ എത്തിപ്പെടണമെങ്കിൽ പട്ന എയർപോർട്ട് വഴി എല്ലാം വരണം. അവിടെ നിന്ന് വീണ്ടും ട്രെയിനിലോ ബസിലോ 8 ഓ 9 ഓ മണിക്കൂർ ഇരിക്കേണ്ടി വരും 


ഒരു ചെറിയ എയർപോർട്ട് ആണ്. നമ്മുടെ നാട്ടിലെ തിരൂർ റെയിവേ സ്റേഷന്റെ വലിപ്പം പോലും അതിനില്ല. വിമാനമെല്ലാം ആർക്കും എവിടെ നിന്നും കാണാം. ഇന്ത്യൻ ആർമി ടെ ഒരു എയർപോർട്ടാണെന്ന് കണ്ടപ്പോൾ മനസ്സിലായി. ചുറ്റും ഇന്ത്യൻ ആർമിയുടെ നിരവധി യുദ്ധ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്കറുകൾ മറ്റ് ആർമി ബേസുകൾ. അതിന്റെ ഒരു ചെറിയ ഭാഗം കൊമേഴ്സ്യൽ ഫ്ലൈറ്റുകൾക്ക് തുറന്ന് കൊടുത്തതാണ് ഈ എയർപോർട്ട്.

അങ്ങനെ  എയർപോർട്ടിൽ നിന്ന് ഞങ്ങളെ കൊണ്ടുപോകാൻ എയർപോർട്ടിന്റെ പുറത്ത് എന്റെ ഹസ്ബൻന്റും, റിഹാബിന്റെ പ്രോഗ്രാം മേനേജർ ഇൻസാഫ്ക്കയും, കൂടെ ഇർഷാദ്കയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇർഷാദ് കാന്റെ ഭാര്യ ബുസ്ന എന്റെ കൂടെ യാത്രയിൽ ഉണ്ടായിരുന്നു. 


ഡൽഹി ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു NGO യാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, പാവപ്പെട്ടവരുടെ ഉന്നമനത്തിനും, സ്ത്രീ ശാക്തീകരണവും, അധഃസ്ഥിതർക്ക് വിദ്യാഭ്യാസം നൽകൽ എന്നിവ ലക്ഷ്യമാക്കിയും.  ദരിദ്രരുടെ ഉപജീവനമാർഗം വർധിപ്പിക്കുകയും നമ്മുടെ സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ ശാക്തീകരിക്കുകയുമാണ് റിഹാബിന്റെ പ്രധാന ലക്ഷ്യങ്ങൾ.  ഇന്ത്യയിലെ ചുരുക്കം ചില വിശ്വസനീയമായ ഗ്രാസ് റൂട്ട് സർക്കാരിതര സംഘടനകളിൽ ഒന്നാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ. 2008-ൽ സ്ഥാപിതമായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും നിരക്ഷരതയിൽ നിന്നും വിമുക്തരാക്കി, സമത്വവും കരുതലും സുസ്ഥിരവുമായ ഒരു സമൂഹത്തെ പടുത്തുയർത്താൻ ആഹോരാത്രം ഗ്രാമ - ചേരി പ്രദേശങ്ങളിൽ ആത്മാർഥമായി ചലിച്ച് പണിയെടുത്തു കൊണ്ടിരിക്കുന്നു..


എന്നെയും ബുസ്നയെയും കൊണ്ടുപോകാൻ റിഹാബിന്റെ മെഡിക്കൽ വാനുമായിട്ടാണ് അവർ വന്നിട്ടുള്ളത്.  ബീഹാറിൽ ഇവർ താമസിക്കുന്നത് അരാരിയ ജില്ലയിലെ ജോകിഹട്ട് എന്ന സ്ഥലത്താണ്. കഴിഞ്ഞ തവണത്തെ ബിഹാർ നിയമ സഭ ഇലക്ഷനിൽ ഉവൈസിയുടെ പാർട്ടിയായ AlMIM വിജയിച്ച അതേ ജോക്കിഹട്ട് മണ്ഡലം. ബീഹാറിൽ 5 സീറ്റുകളാണ് മീംമ് പാർട്ടിക്ക് ലഭിച്ചത്. ആ 5 സീറ്റും ലഭിച്ചത് ഇതേ സീമാഞ്ചൽ ജില്ലകളിലെ മണ്ഡലങ്ങളിൽ തന്നെ. അമോർ , ബൈസി, കൊച്ചദമാൻ , ബഹദൂർഗഞ്ച്, ജോക്കിഹട്ട് എന്നീ സ്ഥലങ്ങളിലാണ് ഉവൈസിയുടെ പാർട്ടി വിജയിച്ചത്. ഇതെല്ലാം തന്നെ സീമാഞ്ചലിലെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളും . അവർ അവരുടെ ഉത്തരവാദിത്വം കൃത്യമായി നിരവഹിക്കുകയാണങ്കിൽ ഈ പ്രദേശവും മാറും. നമുക്ക് കണ്ടറിയാം.
എയർപോർട്ടിൽ നിന്ന് ജോകിഹട്ടിലേക്ക്  111 km ന്റെ ദൂരമുണ്ട്. അങ്ങനെ ഭാഗ്ഡോഗ്ര യിൽ നിന്നും ജോകിഹട്ടിലേക്ക് പുറപ്പെട്ടു. എവിടേക്ക് നോക്കിയാലും ചുറ്റും പച്ച പരവദാനി വിരിച്ച നെൽവയലുകൾ, പച്ചപ്പിന്റെ ഭംഗി കാണണമെങ്കിൽ അത് ബീഹാർ തന്നെയാണ്. കണ്ണത്താ ദൂരത്തോളം , ബീഹാറിലെ ഗ്രാമങ്ങളുടെ മനോഹാരിത കണ്ട് വരുന്ന വഴി കുറച്ച് ദൂരം കഴിഞ്ഞപ്പോൾ പെട്ടെന്ന് വണ്ടി ഓഫ്‌ ആയി.എന്താണ് ആബിദ്ക... 

 വണ്ടി എന്താ ഓഫ്‌ ആയത്...?  

വണ്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടൊ �


എന്റെ ചോദ്യം കേട്ട ഇൻസാഫ്ക ചിരിച്ചു. വണ്ടി സ്റ്റാർട്ട്‌ ചെയ്യണമെങ്കിൽ പിന്നിൽ നിന്ന് തള്ളണം, അങ്ങനെ തള്ളി തന്നെയാണ് ഇവർ വിമാനത്താവളത്തിൽ നിന്നും വണ്ടി സ്റ്റാർട്ട് ചെയ്തത്. ഇവർ ഈ ആoബുലൻസും കൊണ്ട് ഞങ്ങളെ സ്വീകരിക്കാൻ വന്നതിന്റെ ഉദേശം അപ്പോഴാണ് മനസ്സിലായത് . വണ്ടി ഒരു പാട് നാളായി സെൽഫ് അടിച് സ്റ്റാർട്ട് ചെയ്യാൻ പറ്റണില്ല , അവർ നിൽകുന്ന സ്ഥലത്ത് അത്ര നല്ല ടെക്നീഷ്യൻമാരും ഫോഴ്സ് കമ്പനിയുടെ സർവീസും ഇല്ല. അത് കൊണ്ട് ആണ് വാഹനം സിൽഗുരിയിൽ നല്ല ടെക്നീഷ്യൻമാരെ കാണിക്കുക എന്ന ഉദ്ദേശവും അവർക്കുണ്ടായിരുന്നു.  പ്രാഥമിക ഉദ്ദേശം അത് തന്നെയാണ്.


മാത്രമല്ല റിഹാബിന്റെ ഈ മെഡിക്കൽ വാഹനം വളരെ അതികം പഴകിയിരിക്കുന്നു. . അത് കൊണ്ട് ഇതിനില്ലാത്ത കേട് ഇനിയില്ല. ആബിദ്കയാണ് വണ്ടി ഓടിക്കുന്നത്.  കുറേ തള്ളി സ്റ്റാർട്ട്‌ ആക്കാൻ നോക്കി സ്റ്റാർട്ട് ആവുന്നില്ല  , അറിയുന്ന പണിയൊക്കെ നോക്കി , ഒരു രക്ഷയുമില്ല . അവസാനം ഒരു മെക്കാനിക്കിനെ വിളിച്ചു. രണ്ട് മണിക്കൂർ വെച്ച് അവൻ ശരിയാക്കി , അങ്ങനെ വീണ്ടും യാത്ര പുറപ്പെട്ടു.


ഒരു 30 km കഴിഞ്ഞപ്പോൾ വണ്ടിയുടെ ലൈറ്റ് പോവുകയും  വണ്ടി വീണ്ടും ഓഫ്‌ ആയി. പിന്നെയും ഒരു മെക്കാനിക്കിനെ കൂട്ടി കൊണ്ട് വന്നു. അവനും രണ്ടര മണിക്കൂർ പണിയെടുത്തു. വീണ്ടും അവിടെ നിന്ന് യാത്ര. സത്യം പറഞ്ഞാൽ റിഹാബിന്റെ ഈ ആംബുലൻസിന് ഇല്ലാത്ത കേട് ഇല്ല.  അതിന് കേട് വരാത്ത വല്ല ഭാഗവും ഉണ്ടോ എന്ന് നോക്കുന്നതാവും നല്ലത്. ആദ്യമാദ്യം ആംബുലൻസ് എന്ന രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നങ്കിലും ഇപ്പോൾ അവർ അത് ഒരു മെഡിക്കൽ വാനായി മാത്രമാണ് ഉപയോഗിക്കുന്നത് . 


റിഹാബ് ദത്തെടുത്ത ഓരോ ഗ്രാമത്തിലും 2 മാസം കൂടുമ്പോൾ ഒരു മെഡിക്കൽ ക്യാമ്പ് നടത്തും. ആ മെഡിക്കൽ ക്യാമ്പിനാവിശ്യമായ മെഡിസിനുകൾ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് സഞ്ചരിപിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഈ വാഹനത്തിന്റെ ഉപയോഗം നടന്ന് കൊണ്ടിരിക്കുന്നത്. ഒരു ഡോക്ടറും കംപോണ്ടറും ഉണ്ടാകും വാഹനത്തിൽ.


പുതിയ വണ്ടി വാങ്ങിക്കൂടെ എന്ന് ചോദിച്ചപ്പോൾ,  അത്രമാത്രം സാമ്പത്തികത്തോടെ പ്രവർത്തിക്കുന്ന NGO അല്ലല്ലോ നമ്മുടേത് എന്നായിരുന്നു ഇൻസാഫ്ക്കാന്റെ മറുപടി :


 പുതിയ ഒരു വണ്ടി വാങ്ങാനുള്ള സാമ്പത്തികം ഒന്നും ഇപ്പോൾ ഇല്ല. സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി.  ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ രീതിയിൽ അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച് വരുന്ന ഒരു NGO ആണ് റിഹാബ് ഇന്ത്യാ ഫൌണ്ടേഷൻ. അതിന്റെ പ്രോഗ്രാം മേനേജറുടെ അടുത്ത് നിന്ന് ഞാൻ ഇങ്ങനെ ഒരു മറുപടി ഒട്ടും പ്രതീക്ഷിച്ചതല്ല.


അങ്ങനെ, വണ്ടിയുടെ തകരാറ് മൂലം വൈകുന്നേരം 3 മണിക്ക് എത്തേണ്ട ഞങ്ങൾ രാത്രി 9:00 മണിക്കാണ് എത്തിയത്. രാത്രി ഭക്ഷണം റഫീഖ്കാന്റെ വകയായിരുന്നു. നല്ല ചിക്കൻ കറിയും ചോറും. പിറ്റേ ദിവസം മുതൽ ഗ്രാമങ്ങൾ കാണാൻ പോയി. വളരെ വ്യത്യസ്തമായ കാഴ്കൾ, കണ്ണുകൾ നിറയുന്ന ജീവിതങ്ങൾ.


കുട്ടികൾ റോഡ് എന്നോ വഴി എന്നോ ഇല്ലാതെ  വഴിയോരങ്ങളിൽ ഓടി കളിക്കുന്നു. ചില കുട്ടികൾ മണ്ണ് തിണ്ടുന്നു. അവരെ നോക്കാൻ അവരുടെ മാതാപിതാക്കളൊന്നും ഇല്ല . ചക്രമെല്ലാം ഉരുട്ടി നടക്കുകയാണ്​ ചിലർ,  കുട്ടികളുടെ കളി കാണുമ്പോൾ കുട്ടിക്കാലത്തേക്ക്​ കൂട്ടിക്കൊണ്ടുപോകുന്ന കാഴ്​ചകൾ. ഗ്രാമത്തിലെ മിക്ക കുട്ടികളും ചെറിയ ഒരു ടൗസറും ബനിയനും മാത്രം ധരിച്ചത് കാണാം. ചിലർക്ക് അതുമില്ല. അതിക കുട്ടികളുടെയും ശരീരമാസകലം ചളിയും മുടി ജഡ പിടിച്ചും , നഖങ്ങളിൽ ചളിയും, പല്ല്കൾ മഞ്ഞയും കറുത്തും , മൂക്കിൽ നിന്ന് നീരുറവ പോലെ ഒലിച്ച് ചളികൊണ്ട് പെനഞ്ഞ് കിടക്കുന്ന മുഖം. ശരീരമാസകലം ഒരു തരത്തിലുള്ള ദുർഗന്ധം അവരിൽ നിന്ന് വന്ന് കൊണ്ടേ ഇരിക്കുന്നു. ചളി നിറഞ്ഞ തീർത്തും വൃത്തിഹീനമായ വെള്ളത്തിൽ ചാടി വന്നത് കൊണ്ടാണ് ആ ഗന്ധം അവരിൽ . ഒരു മാതാവിനും പിതാവിനും അവരുടെ മക്കളുടെ കാര്യത്തിൽ സ്വപ്നങ്ങളോ, ആശങ്കകളോ, വേവലാതികളോ, ശ്രദ്ധയോ ഒന്നുമില്ല. അവരങ്ങനെ ഇഷ്ടാനുസരണം അയഞ്ഞ് നടക്കുന്നു.ഇവിടെ 38 ജില്ലകളാണ്. അപ്പോൾ അത്രയും വിശാലമായി കിടക്കുന്ന സംസ്ഥാനമാണ് ബീഹാർ. ഗ്രാമത്തിന്റെ ഉള്ളിലേക്ക്​ പോയാൽ ഒറ്റനില വീടുകളാണ്​ എങ്ങും. പലതും ഓല കൊണ്ട് മേഞ്ഞ വീടുകൾ, മുളയും പട്വ (ജൂട്ട് ) ന്റെ കമ്പുകൾ ഉപയോഗിച്ച് നിർമിച്ച വീടുകൾ, ചെളി കൊണ്ട് നിർമിച്ച വീടുകൾ, ഇതൊക്കെയാണ് കൂടുതലും ഇവിടെ കാണാൻ കഴിയുക. ചില വീടുകൾ ഇഷ്​ടിക കൊണ്ടാണ്​ നിർമിച്ചിട്ടുള്ളതെങ്കിലും ചുമരൊന്നും തേച്ചിട്ടില്ല. അതായത് ഏത് വീട് നോക്കിയാലും നമ്മളെ നാട്ടിലെ വീടിന്റെ ഒരു സ്ട്രക്ചർ കാണില്ല. അവർക്ക് അവരുടെതായ വസ്തു സങ്കൽപങ്ങൾ ഉണ്ട്. അത് നമ്മുടെതിൽ നിന്ന് വളരെ അകലെ നിൽകുന്ന സങ്കൽപമാണ്.


മിക്ക വീടിന്റെ മുമ്പിലും കാന്നുകാലികളെ  വളർത്തുന്നത് കാണാം.  പശുക്കളും ആടുകളുമെല്ലാം ഗ്രാമത്തിന്റെ അഭിവാജ്യഘടകമായി കാണാം. അത് പോലെ തന്നെ ഗ്രാമത്തിലുള്ള ഭൂരിപക്ഷം വീടുകളിലും ശൗചാലയ സൗകര്യം ഇല്ല.10% ശതമാനത്തിൽ 2% വീട്ടിൽ മാത്രമേ  ശൗചായ സൗകര്യമൊള്ളൂ. .മുളം കാടുകളും വയലുകളും ചെറിയ തോട്ടിൻ കരകളുമാണ്‌ ഇവരുടെ ശൗചാലയങ്ങൾ.


കുട്ടികൾ കൃത്യമായി എല്ലാ ദിവസവും സ്കൂളിൽ പോകുന്നത് വളരെ കുറവാണ്. അതിന്റെ കുറ്റക്കാർ കുട്ടികൾ മാത്രമല്ല, അവിടുത്തെ സർക്കാർ സംവിധാനങ്ങളും കൂടിയാണ്. എല്ലാ ദിവസം സ്കൂളിൽ ടീച്ചർമാർ വന്നാൽ മാത്രമല്ലെ സ്കൂളുകളിൽ കുട്ടികൾ വരുകയൊള്ളൂ. ഇതിൽ നിന്നൊക്കെ ഉള്ള ഒരു മാറ്റത്തിന് വേണ്ടിയാണ് റിഹാബ് അവിടെ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. റിഹാബ് അരേരിയ ജില്ലകളിലെ ഗ്രാമങ്ങൾ ദത്തെടുത്തിട്ട് രണ്ട് വർഷം തികയുന്നൊള്ളൂ , അതിൽ ഒരു വർഷം കോവിഡ് മഹാമാരിയും ലോക് ഡൗണും കൊണ്ട് പോയി. റിഹാബിന്റെ പ്രവർത്തകർ ഈ കൊറഞ്ഞ സമയം കൊണ്ട് ഗ്രാമത്തിലെ 80% ശതമാനം വരുന്ന 6 മുതൽ 14 വയസ്സ് വരെ കുട്ടികളെ എല്ലാം സ്കൂളുകളിൽ അഡ്മിഷൻ എടുപ്പിച്ചു.


തപ്കോൽ എന്ന ഗ്രാമത്തിലെ ഒരു മരക്കടയിൽ ഒരു 12 വയസ്സ്കാരൻ അമീർ എന്ന കുട്ടിയോട് , നീ എത്രാം ക്ലാസ്സിലാ പഠിക്കുന്നത്  എന്ന് ചോദിച്ചപ്പോൾ, ഞാൻ ഒന്നാം ക്ലാസ്സിൽ നിന്ന് നിർത്തിയെന്നാ അമീർ എന്നോട് പറഞ്ഞത്. കേട്ടപ്പോൾ വളരെ കൗതുകം തോന്നി. ഇങ്ങനെ എത്ര എത്ര കുട്ടികളാണ് പഠിക്കാൻ പോകാതെ ചെറു പ്രായത്തിൽ തന്നെ ജോലിക്ക് പോകുന്നത് ഇന്നത്തെ കാലത്തും.


ഇങ്ങനെയല്ലാം മനുഷ്യർ ജീവിക്കുന്നുണ്ടല്ലൊ എന്നതിൽ വളരെ അതികം സങ്കടം തോന്നി , എന്ത് കൊണ്ട് ഈ ഗ്രാമത്തിലൊന്നും വികസനം വരുന്നില്ലാ ? എന്ത് കൊണ്ട് സർക്കാർ ഇവരെ തിരിഞ്ഞു നോക്കുന്നില്ല? എന്ത് കൊണ്ട് ഒരു നല്ല പ്രാഥമികാരോഗ്യ കേന്ദ്രമില്ല. എല്ലാ സൗകര്യങ്ങളോട് കൂടിയുള്ള സർക്കാർ സ്കൂളുകളില്ല ,  ഇങ്ങനെയുള്ള ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ നിരന്തരം ചോദിച്ചു. 


ഒടുവിൽ ഉത്തരം കണ്ടത്തി. ലളിതമാണ്. ഗ്രാമത്തിലുള്ള ആളുകൾക്ക് അധികാരത്തിൽ ഇരിക്കുന്നവരെ ചോദ്യം ചെയ്യാൻ ഭയമാണ്.  എന്തിന് പറയണം ഒരു വാർഡ് മെമ്പറെ വരെ ചോദ്യം ചെയ്യാൻ ഭയം. അതെ ഇന്ത്യയുടെ ഗ്രാമീണ അകസ്ഥിത മക്കൾ ഭയത്തിലാണ് , അത് പോലെ തന്നെ വിശപ്പിലും. 


വിശപ്പിൽ നിന്ന് മോചിപ്പിക്കുക ചെലപ്പോൾ പെട്ടന്ന് സാധ്യമാവും, എന്നാൽ ഭയത്തിൽ നിന്നുള മോചനം അവർക്ക് പകർന്ന് നൽകേണ്ടതാണ്. അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ , ഭയമില്ലാതെ തന്റെ അവകാശങ്ങൾ തട്ടിയെടുക്കുന്നവന്റെ കൈക്ക് പിടിക്കാൻ , അവനെചോദ്യം ചെയ്യാൻ  ഇതെല്ലാം അവരിൽ എന്നാണ് ഉണ്ടായി തീരുക , അന്ന് അവരുടെ ഈ അവസ്ഥകൾക്ക് പരിസമാപ്തിയുണ്ടാകും. 


പഞ്ചായത്ത് തലത്തിലുള്ള ഇലക്ഷൻ നടക്കുന്ന സമയത്താണ് ഞാൻ ഇവിടങ്ങളിൽ സന്ദർശിക്കുന്നത്., സ്വാധീനമുള്ളയാൾ  പണം നൽകി വിജയിക്കുന്നു , പരിചയപെട്ട ചില വാർഡ് തലത്തിലുള്ള സ്ഥാനാർത്ഥികൾ പറഞ്ഞത് 7 ലക്ഷം രൂപ ചിലവുണ്ട് 8 ലക്ഷം ചിലവുണ്ടന്നാണ്. ചില സ്ഥാനാർത്ഥികൾ മറ്റുളവർ കൊടുക്കുന്നത് കൊണ്ട് അവരും ഓരോ വീട്ടിലും 500 ഉം 1000 ഉം 2000 വുമെല്ലാം നൽകുന്നു. അവർ പറഞ്ഞതനുസരിച്ച് മുഖ്യ സ്ഥാനാർത്ഥി 20 ഉം 25 ലക്ഷമെല്ലാം ചെലവാക്കുന്നു . അതിന്റെ 6 ഇരട്ടി അവർ ഈ മാർഗത്തിൽ സന്മാദിക്കുകയും ചെയ്യും . ഒരു മറയുമില്ലാതെയാണ് അവർ അതിക പേരും ഇതെല്ലാം പറയുന്നത്  .ഇതാണ് അവസ്ഥ, പിന്നെ എങ്ങനെ വികസനം  വരാൻ. ആരെങ്കിലും നല്ലത് പോലെ പൈസ ഒന്നും കൊടുക്കാതെ വോട്ടിന് നിന്നാൽ അവനനുഭവിക്കുന്ന പരിഹാസവും മാറ്റി നിർത്തലുകളും കണ്ടറിയാൻ കഴിഞ്ഞു. സിസ്റ്റുവും ജനങ്ങളുമെല്ലാം കുറ്റക്കാരാണ്. പെട്ടന്നുള്ള ഒരു മാറ്റമൊന്നും സാധ്യമല്ല.  സമയമെടുത്തുള്ള മാറ്റത്തിന് നമുക്ക് കാത്തിരിക്കാം. വിദ്യാസമ്പന്നരായ ഒരു ജനത ഈ സിസ്റ്റമെല്ലാം പൊളിച്ചെഴുതും ഒരു ദിവസം. ആ നാൾ പ്രതീക്ഷയോടെ സ്വപ്നം കാണാം.


ഗ്രാമത്തിൽ ഓരോ രണ്ട് മണിക്കൂറിലും കറന്റ് പോയി കൊണ്ടിരിക്കുന്നു. അതിൽ ദേഷ്യപെട്ട എന്നോട് ആബിദക്കയും ഇർഷാദ്ക്കയെല്ലാo പറഞ്ഞത്. അവരൊന്നും വന്ന സമയത്ത് 4 വർഷം മുന്നേ ഒരുപാട് ഗ്രാമങ്ങിൽ വൈദ്യുതി ഉണ്ടായിരുന്നില്ല എന്നും ഇപ്പോൾ രണ്ട് മണിക്കൂർ ഇല്ലെ , അപ്പോൾ ഓരോ ഒരു മണിക്കൂർ ഇടവിട്ടായിരുന്നന്ന പരിഹാസത്തോടെയുള്ള പറച്ചിലും. , അരാരിയ ജോക്കിഹട്ട്  റോഡിൽ രണ്ട് പണി തീരാത്ത പാലങ്ങൾ കാണിച്ച് തന്നു. 2017 ലെ പ്രളയത്തിൽ പൊട്ടി പൊളിഞ്ഞ് വീണ പാലമാണ്. ഇത് വരെയും അത് ശരിയാക്കിയിട്ടില്ല. വഹനങ്ങൾ നദിയിലൂടെ ഇറങ്ങി വേണം പോകാൻ വെള്ളം വന്നാൽ പിന്നെ അങ്ങോട്ടേക്ക് യാത്രയില്ല. ഇത് ചോദ്യം ചെയ്യാൻ ആർക്കും കഴിയുന്നില്ല. മുൻ MLA തന്നെയാണ് ഇപ്പോഴത്തെ MLA യും അന്ന് RJD ആയിരുന്നങ്കിൽ ഇന്ന് MIM . വ്യക്തി മാറിയില്ല പാർട്ടി മാത്രമാണ് മാറിയത്. അപ്പോൾ പിന്നെ ഇങ്ങനെയെല്ലെ വരൂ. എന്നാണാവോ അങ്ങനെയൊരു പാലം ഇനിയവിടെ വരുക. എന്നാണോ ഗ്രാമവാസികൾ ഭയം എന്ന രണ്ടക്ഷരം മാറ്റിവെക്കുന്നത് അന്നാണ് ഇവിടെ വികസനം വരുകയുള്ളൂ. 


ഇവിടെയാണ്‌ റിഹാബ് എന്ന സ്വതന്ത്ര NGO പ്രസക്തമാകുന്നത്. റിഹാബ് 2012 ജൂലൈയിൽ തുടങ്ങിയതാണ്. എനിക്ക് കൂടുതലൊന്നും റിഹാബിനെ കുറിച്ച് അറിയില്ലായിരുന്നു. റിഹാബിന്റെ ഫേസ്ബുക് വാളിൽ കാണുന്ന വിവരങ്ങളെ എനിക്കും ആദ്യമൊക്കെ കിട്ടിയിരുന്നുള്ളൂ. റിഹാബ് എന്താണെന്ന് അറിയണമെങ്കിൽ നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും ബീഹാർ, ആസ്സാം, ബംഗാളിലൊക്കെ ഒന്ന് വരണം. റിഹാബിന്റെ ഗ്രാമങ്ങൾ സന്ദർശിക്കണം. കുട്ടികളുടെ പഠനം, ഗ്രാമത്തിന്റെ സുസ്തിരമായ വികസനം, സ്ത്രീ ശക്‌തീകരണം, മെഡിക്കൽ ക്യാമ്പ് എന്നിവയൊക്കെയാണ് റിഹാബിന്റെ ദൗത്യങ്ങൾ.


ഒരു ദിവസം റിഹാബിന്റെ മെഡിക്കൽ ക്യാമ്പിന് ഞാനും പോയി. ഓരോ രണ്ട് മാസത്തിലും ഗ്രാമങ്ങളിൽ മെഡിക്കൽ ക്യാമ്പ് റിഹാബ് നടത്താറുണ്ട്. ഒരു ദിവസം 70 to 90 പേരെ ചികിൽസിക്കാറുണ്ട്.  ഗ്രാമത്തിലുള്ളവർക്ക് ഡോക്ടറെക്കാളും നമ്മളോരോരുത്തരേക്കാളും മരുന്നുകളുടെ പേരുകൾ അറിയാം. നമ്മുടെ നാട്ടിലെ എത്ര സാധാരണക്കാർക്കറിയും ഓരോ മരുന്നും ഏതെല്ലാം രോഗത്തിന്നുള്ളതാണന്ന്. പക്ഷെ ഗ്രാമങ്ങളിലെ ഈ ജനങ്ങൾക്ക് അത് നന്നായി  അറിയാം. അത് അത്ര നല്ല കാര്യമായി ഞാൻ കാണുന്നില്ല.  അവർക്ക് ഇത്രത്തോളം മരുന്നുകളുടെ പേരുകൾ അറിയാൻ കാരണം അവരും രോഗങ്ങളും തമ്മിലുള്ള നിരന്തരമായ ബന്ധമാണ്.


വിവിധ തരത്തിലുള്ള ചൊറിയാണ് ഇവിടെങ്ങളിലെ പ്രധാന രോഗം. പക്ഷെ ആ ചൊറി ഇവരിൽ നിന്ന് അകന്ന് പോകില്ല , വ്യത്തിയോടെയുള്ള ഒരു സാഹചര്യമെന്നാണോ ഈ ഗ്രാമങ്ങളിൽ ഒരുങ്ങുന്നത് അന്ന് ഈ ചൊറികളെല്ലാം ഇല്ലാതാകും. റിഹാബിന്റെ മെഡിക്കൽ വാഹനത്തിൽ വിവിധ ക്വാളിറ്റിയിലുള്ള ചൊറിയുടെ മരുന്നുകൾ ഉണ്ട്.  ചെറിയ കുട്ടികൾ വരെ ഈ രോഗത്തിന്റെ അടിമകളാണ്. 


 ചെറിയ ചെറിയ  കുട്ടികൾ വലിയ സൈക്കിളുകൾ ഓടിക്കുന്നത് കാണാൻ തന്നെ രസമാണ്. അവർ ധീരന്മാരാണ്. ,. അവർക്ക് കാല് എത്തിയിട്ടില്ലെങ്കിലും അവർ  അതിന്റെ നടുവിലൂടെ കാലുകൾ ഇട്ട്  സൈക്കിൾ  അവർ ചവിട്ടും. അവരുടെ കലാ വിരുദ്ധാണ് അതിൽ വ്യക്തമാകുന്നത്. 


അത് പോലെ തന്നെ, ഞാൻ ഇത് വരെയും കാണാത്ത മറ്റൊരു പുതിയ കാഴ്ച ബിഹാറിൽ കണ്ടു. ജൂട്ട് കളുടെ നിർമ്മാണം . തീരെ ബലമില്ലാത്ത പട്വ ചെടികളിൽ നിന്ന് ജൂട്ട് കയറുകൾ ഉണ്ടാക്കുന്ന രീതി. മഴയും വെയിലും ഉള്ള ആഗസ്ത് സെപ്തംബർ മാസങ്ങളിൽ ഈ സ്ഥലങ്ങളിലെ  ഒരു വലിയ വ്യവസായമാണ് ഇത്. ഇന്ത്യയിലെ ജൂട്ട് വയവസായങ്ങളുടെ വലിയ ഒരു കേന്ദ്രവും കൂടിയാണ് ഈ പ്രദേശങ്ങളെല്ലാം . ഗ്രാമങ്ങളിലെ വയലുകളിൽ ചേറിലും നദിക്കരയിലും മുഴുവൻ ഈ പട് വ ചെടികൾ തന്നെയാണ്.


ഭൂമിക്കടിയിലെ വെള്ളത്തിന്റെ തോത് കൂടിയ സ്ഥലമാണ് ബിഹാറിലെ അരാരിയ ജില്ലയെല്ലാം. ഓരോ രണ്ട് വർഷം കൂടുമ്പോഴും വലിയ തോതിൽ തന്നെ പ്രളയം  വരുന്ന പ്രദേശമാണിത്. 


അരാരിയ ജില്ലയിലെ പലാസി ബ്ലോക്കിലെ  സൊഹദി ചർബന, ജർമ്മാബാരി,ബംഗവാൻ, സർഫത് ടോള   അത് പോലെ ജോകിഹട്ട് ബ്ലോക്കിൽ അർത്തിയ , ബോരിയ, ദർശന, പത്രാബാരി, അജുവ, തപ്കോൽ  കതിഹാർ ജില്ലയിലെ  ബാൻസിബാരി, ടുകിയ ടോള എന്നീ ഗ്രാമങ്ങൾ സന്ദർശിക്കാൻ റിഹാബ് എനിക്ക് അവസരം നൽകി. എന്നാൽ ഞാൻ ഈ കണ്ടതിലെല്ലാം വെച്ച് വളരെ വ്യത്യസ്തമായ  ബീഹാറിലെ ഗ്രാമമായിരുന്നു തുപ്കിയ ടൊല. 


ആ ഗ്രാമത്തിലേക്ക് പോകുന്ന വഴി വളരെ ദുർഗടം നിറഞ്ഞതാണ്. വിശാലമായി കിടക്കുന്ന വയലാണ് ഈ ഗ്രാമത്തിന്റെ 3 വശവും , ഒരു വശത്ത് ഒരു കുഞ്ഞു നദിയും . തികച്ചും ഒരു ദ്വീപ് എന്ന് പറയുന്ന തരത്തിൽ തന്നെ. ഗ്രാമത്തിലേക്ക് പോകുന്നതിന് കുറച്ച് ദൂരം മെയിൽ റോഡിൽ നിന്ന്  തുടങ്ങുന്ന ഒരു മൺപാതയുണ്ട് . അത് കഴിഞ്ഞാൽ പിന്നെ വിശാലമായി കിടക്കുന്ന വയലും അതിന് കുറുകയും നേരെയുമായി നിരവധി വരമ്പുകൾ . അതിൽ ഒരു വരമ്പിലൂടെ നടന്ന് വേണം ഗ്രാമത്തിലേക്ക് പോകാൻ , ഏകദേശം 2. കി.മീ ദൂരം വയലിലൂടെ നടക്കണം. മഴ പെയ്തത് കൊണ്ട് ചളിയായി കിടക്കുകയാണ് വരമ്പിൽ നിരവധി സ്ഥലങ്ങളിൽ


41 കുടുംബങ്ങൾ ആണ് ഈ ഗ്രാമത്തിൽ ജീവിക്കുന്നത്. ഗ്രാമത്തിൽ  റിഹാബിന്റെ ഒരു കമ്മ്യൂണിറ്റി സെന്റർ ഉണ്ട് . അതൊരു ഉയർത്തി കെട്ടിയ ഫൗണ്ടേഷൻ ഉള്ള ഇരു ചെറിയ ഇരുനില  കെട്ടിടമാണ്. ഗ്രാമത്തിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അവിടെ ട്യൂഷൻ നടത്തി വരുന്നു.


ഈ ഗ്രാമത്തിന് സ്വന്തമായി ഒരു സർക്കാർ പ്രൈമറി  സ്കൂൾ ഒന്നുമില്ല.  നേരത്തെ പറഞ്ഞ  3 കി.മീ നപ്പുറം മെയിൻ റോഡിനോട് ചേർന്ന് ഒരു മിഡിൽ സ്കൂൾ ഉണ്ട് . പക്ഷെ അവിടേക്ക് ഈ ഗ്രാമത്തിലെ കുട്ടികൾക്ക് സ്ഥിരമായി പോകാൻ ഒരുപാട് തടസ്സങ്ങളും പ്രയാസങ്ങളും  നേരിടേണ്ടതായി വരുന്നുണ്ട്. അതായത്,


ഗ്രാമത്തിൽ നിന്നും സ്കൂളിലേക്ക് എത്താൻ പാട വരമ്പുകളിലൂടെ നടക്കണം.  മഴ കാരണം ചെളി കെട്ടി ശരിക്കും നടക്കാൻ പോലും പറ്റുന്നില്ല. നല്ല മഴ പെയ്താൽ ആ ഗ്രാമം മുഴുവനും വെള്ളത്തിനടിയിലാണ്. അത് കൊണ്ടാണ് റിഹാബ് അവിടെ നല്ല ഉയരത്തിൽ ഫൗണ്ടേഷനോട് കൂടെ ഇരു നില കെട്ടിടം പണിതത്. ചില വെള്ളപ്പൊക്ക സമയത്ത് ഗ്രാമത്തിലുള്ള മുഴുവൻ ആളുകളും റിഹാബിന്റെ കമ്മ്യൂണിറ്റി സെന്ററിലാണ് അഭയം പ്രാപിക്കാറ്. മനുഷ്യരും കന്നുകാലികളുമെല്ലാം ആ കോമ്പൗണ്ടിലേക്ക് കയറാറാണ് പതിവ്. വെള്ളപൊക്ക സമയങ്ങളിൽ റിഹാബ് വളണ്ടിയേഴ്സ് ഗ്രാമവാസികളെ നിരവധി തവണ ചങ്ങാടങ്ങളിലും തോണികളിലുമായി രക്ഷാ പ്രവർത്തനം നടത്തിയ അനുഭവങ്ങൾ പ്രോഗ്രാം മേനേജർ ഇൻസാഫ്ക്ക പങ്കുവെച്ചു. 


ഇവിടേക്ക് റോഡ് വരാത്തത് ഈ പാടങ്ങൾ മറ്റ് ഗ്രാമങ്ങളിലെ ജന്മിമാരുടെ കൈവശമാണ്. അവരുടെ ജാതി വർഗ ചിന്താഗതിയുടെ ഭാഗമായി ഈ ഗ്രാമവാസികൾക്ക് റോഡിനുള്ള സ്ഥലം വിട്ട് നൽകുന്നില്ല.  വളരെ കുറച്ച് ഭൂമി മാത്രമെ ഗ്രാമ വാസികളുടെതായിട്ടൊള്ളൂ. കൂടുതലായും ഗ്രാമത്തിൽ ദിവസ വേതനത്തിന് ജോലി ചെയുന്നവരും പാട്ടത്തിന് ഭൂമി എടുത്ത് കൃഷി ചെയ്യുന്നവരുമാണ്. പിന്നെ ഈ ഗ്രാമത്തിലേക്ക് എത്താൻ മറ്റൊരു വഴി ഉണ്ട്. അത് പുഴ കടന്ന് വേണം പോകാൻ . അത് ഗ്രാമത്തിന്റെ പിൻവശത്ത് കൂടെയാണ്. അവടെ നോക്കിയാൽ കാണുന്ന ദൂരത്തിൽ മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്ന വഴിയുണ്ട്. പക്ഷെ പുഴ കടന്നാൽ മറ്റൊരു ബ്ലോക്കും, മറ്റ് നിയമസഭ മണ്ഡലവുമാണ്. അത് കൊണ്ട് തന്നെ അതിലൂടെ ഒരു പാലം നിർമിക്കാൻ ആവശ്യപെട്ടാൽ , ഇക്കാരണത്താൽ ജനപ്രതിനിധികൾ കൈമലർത്തി കാണിക്കുന്നു.  അങ്ങനെ ഒരുപാട് തടസ്സങ്ങൾ ഈ ഗ്രാമീണർ നേരിടുന്നുണ്ട്. 


പിന്നെയുള്ളത് ആ ഗ്രാമത്തിലേക്ക് എത്താനുള്ള വഴികളിൽ മഞ്ഞ് കാലമായാൽ രണ്ടാൾ ഉയരത്തിൽ ചോള കൃഷിയാണ് . ആ ചോള വയലിലൂടെ ഉള്ള നടത്തം കുട്ടികളെ

ഭയപ്പെടുത്തുന്നതാണ് , പോരാത്തതിന് ഈ സമയങ്ങളിൽ ഇഴ ജന്തുക്കളുടെ ശല്യവും . അത് കൊണ്ട് തന്നെ കുട്ടികൾക്കും , അവരുടെ രക്ഷിതാക്കൾക്കും അപ്പുറത്തെ ഗ്രാമത്തിലുള്ള സ്കൂളിലേക്ക് പോകാൻ ഭയമാണ്..


റിഹാബ് വരുന്നതിന് മുമ്പ് ഒരു 10% വിദ്യാർത്ഥികൾ മാത്രമാണ് അവിടെ നിന്ന് സ്കൂളിൽ പോയിരുന്നത്. ഇപ്പോൾ 90% ത്തിന് മുകളിലാണ് അതിന്റെ കണക്ക്. ആ ഗ്രാമത്തിലെ വിദ്യാർത്ഥികളെ കമ്മ്യൂണിറ്റി സെന്ററിൽ  പഠിപ്പിക്കുന്നതിന് ആവിശുമായ 10-ാം തരവും ഇന്ററും കഴിഞ്ഞ വിദ്യാർത്ഥികൾ ഇല്ലായിരുന്നു. 5 കി.മീ നപ്പുറത്ത് ഉള്ള ഗ്രാമത്തിലുള്ളവരായിരുന്നു റിഹാബിന്റെ ടീച്ചർമാർ . ഇന്ന് ആ ഗ്രാമത്തിലുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആ ഗ്രാമത്തിൽ നിന്ന് തന്നെ 10ാം തരം പാസായ വിദ്യാർത്ഥികൾ ഉണ്ടായിരിക്കുന്നു എന്നതാണ് റിഹാബിന്റെ പ്രവർത്തന വിജയം.


ഗ്രാമത്തിൽ കറന്റ് കിട്ടി തുടങ്ങിയിട്ട് ഒരു വർഷമെ ആയിട്ടൊള്ളൂ. റിഹാബ് വന്നതിന്

ശേഷമുള്ള പരിശ്രമത്തിന്റെ ഫലമാണ് അത് സാധ്യമായത്. ഇൻഷാ അള്ളാഹ അവരുടെ കുട്ടികൾ ഭയമില്ലാതെ സ്കൂളുകളിലേക്ക് പോകാൻ ഒരു റോഡിന്റെ ആവിശ്യകത കൂടി ആ ഗ്രാമത്തിന് ഉണ്ട്. റിഹാബും ഗ്രാമത്തിലെ ജനങ്ങളും അതിനുള്ള നിതാന്ത പരിശ്രമത്തിലാണ്.


കത്തിഹാർ ജില്ലയിൽ റിഹാബ് ദത്തെടുത്ത ഗ്രാമങ്ങളെല്ലാം വളരെ അതികം പുരോഗതി കൈവരിച്ചിരിക്കുന്നു. അരാരിയയിൽ ഞാൻ കണ്ട ഗ്രാമങ്ങളിൽ നിന്നും തീർത്തും വിത്യസ്ഥമായിരുന്നു അത്. റിഹാബിന്റെ ഗ്രാമ വികസന പദ്ധതികളുടെ വിജയം അവിടെ പ്രത്യക്ഷമായിരുന്നു. 


പത്താം തരത്തിലും പ്ലസ് ടുവിലും സെന്ററൽ യൂണിവേഴ്സിറ്റികളിലേക്ക് അൻട്രൻസ് ന് വേണ്ടി തയ്യാറെടുക്കുന്ന കുട്ടികൾ, മറ്റ് വിത്യസ്ഥ സംസ്ഥാനങ്ങളിലേക്ക് പഠനാവിശ്യത്ഥം പോയ വിദ്യാർത്ഥിനികൾ. എല്ലാ ദിവസവും ഒരു മുടക്കവുമില്ലാതെ പ്രവർത്തിക്കുന്ന ഗ്രാമത്തിലെ പ്രൈമറി സ്കൂൾ , വിദ്യാർത്ഥികളുടെ കാര്യങ്ങൾ അന്വാഷിക്കുന്ന രക്ഷിതാക്കൾ,  സ്ത്രീകളുടെ സ്വയം സഹായക സംഘകങ്ങൾ രൂപീകരിച്ചത് മൂലം ബിഹാർ ഗവൺമെന്റിന്റെ വിത്യസ്ഥ രീതിയിലുള്ള പ്രൊജക്ടുകൾ ഗ്രാമങ്ങളിൽ കിട്ടി തുടങ്ങിയിരിക്കുന്നു. ഗ്രാമം മുഴുവൻ ശൗചാലയമുള്ള വീടുകൾ. നല്ല വാർഡ് മെമ്പർമാർ, നല്ല റോഡുകൾ . അങ്ങനെയങ്ങനെ നിരവധി ഉദാഹരണങ്ങൾ കത്തിഹാർ ജില്ലയിൽ റിഹാബ് ദത്തെടുത്ത ഗ്രാമങ്ങളിലെ മാറ്റങ്ങൾ ഞാൻ കണ്ടു. 


ഇതിനെല്ലാം നേർ വിപരീതമാണ് അരേരിയ ജില്ലയിൽ റിഹാബ് ഏറ്റടുത്ത ഗ്രാമങ്ങളുടെ അവസ്ഥ, ഇനിയുള്ള 5 വർഷങ്ങൾക്കുള്ളിൽ റിഹാബിന്റെ ഈ സംഘം ആ ഗ്രാമങ്ങളെയും മേൽ പറഞ്ഞ രീതിയിലേക്കെത്തിക്കും. . അവരുടെ ടീം അത് നേടിയതാണ്. ഇനിയും അവർ ഏറ്റെടുക്കുന്ന ഓരോ ഗ്രാമത്തിന്റെയും മുഖഛായ അവർ മാറ്റി തിരിക്കും. 


പരിശ്രമിക്കുന്നവന്റെ പരിശ്രമം അവൻ കാണുക തന്നെ ചെയ്യും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe