Type Here to Get Search Results !

'ഇക്കാക്ക മൂക്കിലേക്ക് വെളുത്ത പൊടി അടിച്ചു തന്നു'; ലഹരിമാഫിയ കാരിയറായി ഉപയോഗിച്ച 13 കാരി






കോഴിക്കോട്: ‘സ്‌കൂളില്‍ ഒപ്പം കബഡി പ്രാക്ടീസ് ചെയ്തിരുന്ന കുട്ടിയാണ് ഒരു ചേച്ചിയെ പരിചയപ്പെടുത്തിയത്. അവര്‍ തന്ന ബിസ്കറ്റ് കഴിച്ചു. പിന്നീടുള്ള ദിവസങ്ങളിലും ബിസ്‌ക്കറ്റുമായി ചേച്ചിയെത്തി. അത് വാങ്ങി കഴിക്കുകയും ചെയ്തു’. ലഹരിമാഫിയ സംഘം കാരിയറായി ഉപയോഗിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 13 വയസ്സുകാരിയുടേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുവതിയും ഇവരുടെ ആൺസുഹൃത്തും ചേർന്നാണ് ലഹരിമരുന്ന് മറ്റൊരിടത്ത് എത്തിക്കാൻ നിർബന്ധിച്ചതെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.


ബിസ്കറ്റ് നൽകിയ ചേച്ചിയാണ് ആദ്യം ലഹരി നൽകിയത്. ബിസ്കറ്റിനെ കുറിച്ച് സംശയം തോന്നിയെങ്കിലും ലഹരി വസ്തു ചേർത്ത ബിസ്കറ്റാണ് ഇതെന്ന് അറിഞ്ഞത് പിന്നീടാണ്. ഒരു ദിവസം സ്കൂളിനടുത്തുള്ള ഇടവഴിയിലേക്ക് ചേച്ചി കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. ബോയ്ഫ്രണ്ട് ആണെന്നാണ് പരിചയപ്പെടുത്തിയത്. ഈ ഇക്കാക്കയാണ് മൂക്കിലേക്ക് വെളുത്ത പൊടി അടിച്ചു തന്നത്. ഇത് പല ദിവസങ്ങളിലും ആവർത്തിച്ചുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.

ഇതിനിടയിൽ ഒരു സാധനം ഒരു സ്ഥലത്ത് കൊണ്ടുകൊടുക്കാമോ എന്ന് ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറി. ഒരു ദിവസം ഇക്കാക്ക കൈയിൽ സിറിഞ്ച് കുത്തിവെച്ചു. ഭീഷണപ്പെടുത്തിയാണ് ഒരു പൊതി തലശ്ശേരിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ ഒരു കുപ്പി കാണിച്ച് അത് ദേഹത്ത് ഒഴിക്കുമെന്ന് പറഞ്ഞു. പേടിച്ചിട്ടാണ് തലശ്ശേരിയിലേക്ക് പോകാൻ തയ്യാറായത്. കൂട്ടുകാരുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്ന് കൂട്ടൂകാര്‍ക്കൊപ്പം അഴിയൂരില്‍നിന്ന് ബസ്സില്‍ തലശ്ശേരിയിലേക്ക് പോയി. തലശ്ശേരിയിലെ മാളില്‍വെച്ചാണ് സാധനം കൈമാറിയത്.


പോകുന്നതിനു മുമ്പ് കാലിൽ ഗുണനചിഹ്നം വരച്ചിരുന്നു. ഇതേ അടയാളം കാണുന്നയാൾക്ക് പൊതി കൈമാറാനായിരുന്നു നിർദേശം. മാളിൽ എത്തിയപ്പോൾ കാലിൽ ഗുണനചിഹ്നമുള്ള ഒരാൾ വന്നു. സാധനം വാങ്ങി അയാൾ മടങ്ങി. പിന്നീട് കൂട്ടുകാർക്കൊപ്പം തിരിച്ചുപോയി.

തന്റെ സ്കൂളിലെ കുറേ കുട്ടികൾ ഈ സാധനം ഉപയോഗിക്കുന്നുണ്ടെന്നും പെൺകുട്ടി പറയുന്നു. ഓരോ തവണ കാണുമ്പോഴും ചേച്ചിയും ഇക്കാക്കയും അടുത്ത തവണ കാണുന്ന സമയം പറയും. ഇവരുടെ ഫോൺ നമ്പർ അറിയില്ല. ഒരിക്കൽ പോലും പണം നൽകിയിട്ടില്ല. സാധനം കൊണ്ടുപോകാന്‍ തന്നെ നിര്‍ബന്ധിക്കുമായിരുന്നു.


കഴിഞ്ഞ ദിവസമാണ് എട്ടാം ക്ലാസുകാരിയുടെ ലഹരിമരുന്ന് ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തറിയുന്നത്. സ്കൂളിൽ നാല് കുട്ടികൾ ശൗചാലയത്തിൽ കയറി ഇറങ്ങാൻ വൈകുകയും തിരിച്ചെത്തിയപ്പോൾ യൂണിഫോം മുഴുവൻ നനയുകയും ചെയ്തതിൽ സംശയം തോന്നിയ അധ്യാപകരാണ് വിവരം ആദ്യം അറിഞ്ഞത്. കുട്ടികളോട് സംസാരിച്ച അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇതിനു പിന്നാലെയാണ് എട്ടാം ക്ലാസുകാരി ലഹരി സംഘത്തെ കുറിച്ച് വെളിപ്പെടുത്തയത്.


പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പരാതി പിൻവലിക്കാൻ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ സമ്മർദ്ദം ചെലുത്തിയെന്നും പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പോലീസിനെതിരേയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേയും പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe