Type Here to Get Search Results !

'ആക്രി' സാധനങ്ങള്‍ക്കൊപ്പം എടിഎം കാര്‍ഡും പിന്‍ നമ്ബറും പെട്ടു, 6.31 ലക്ഷം നഷ്ടമായി





പ്രളയത്തില്‍ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങള്‍ ആക്രി വിലയ്ക്ക് വിറ്റ ചെങ്ങന്നൂര്‍ സ്വദേശിക്ക് നഷ്ടമായത് ആറ് ലക്ഷത്തിലധികം രൂപ.


ആക്രി സാധനങ്ങള്‍ക്കൊപ്പം പെട്ടുപോയ എടിഎം കാര്‍ഡും ഇതോടൊപ്പം ഉണ്ടായിരുന്ന സ്വകാര്യ പിന്‍ നമ്ബറും ഉപയോഗിച്ച്‌ തമിഴ്നാട് സ്വദേശിയാണ് പണം തട്ടിയത്. 61 തവണകളായി 6.31 ലക്ഷം രൂപയാണ് പ്രതി പിന്‍വലിച്ചത്. പാണ്ടനാട് പ്രയാര്‍ കിഴുവള്ളില്‍ പുത്തന്‍പറമ്ബില്‍ ഷാജിയുടെ പണം തട്ടിയ കേസില്‍ തെങ്കാശി സ്വദേശി ബാലമുരുകനാണ് പിടിയിലായത്. 43 വയസുള്ള പ്രതിയെ കോടതി റിമാന്റ് ചെയ്തു.


ഷാജിയുടെ എസ്ബിഐ ചെങ്ങന്നൂര്‍ ശാഖയിലെ ബാങ്ക് അക്കൗണ്ടിന്റെ എടിഎം കാര്‍ഡാണ് നഷ്ടമായത്. 2018 ലാണ് കാര്‍ഡ് ലഭിച്ചത്. എന്നാല്‍ ഷാജി വിദേശത്തേക്ക് പോയതിനാല്‍ കാര്‍ഡ് ഉപയോഗിച്ചില്ല. ആ വര്‍ഷം പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറി. ഇക്കഴിഞ്ഞ ഒക്ടോബറില്‍ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങള്‍ ആക്രിവിലയ്ക്ക് വിറ്റു. ഒക്ടോബര്‍ 25 ന് ചെങ്ങന്നൂരിലെ എസ്ബിഐ ശാഖയിലെത്തി ചെക്ക് ഉപയോഗിച്ച്‌ പണം പിന്‍വലിക്കാന്‍ ശ്രമിച്ചു.


എന്നാല്‍ അക്കൗണ്ടില്‍ പണം ഇല്ലായിരുന്നു. എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ 6.31 ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് ബാങ്ക് ജീവനക്കാര്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ബാങ്ക് അക്കൗണ്ടുമായി ഷാജി ബന്ധിപ്പിച്ചത് താന്‍ ഗള്‍ഫില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്ബറായിരുന്നു. ആ ഫോണ്‍ അബുദാബിയിലെ വീട്ടില്‍ വെച്ചാണ് ഷാജി നാട്ടിലേക്ക് വന്നത്. അതിനാല്‍ തന്നെ പണം പിന്‍വലിക്കപ്പെട്ടപ്പോള്‍ ഫോണില്‍ വന്ന മെസേജ് ഷാജി കണ്ടതുമില്ല. തിരുവല്ലയിലെ ആക്രിക്കടയില്‍ നിന്ന് ലോഡെടുക്കാനെത്തിയ ഇയാള്‍ എടിഎം കാര്‍ഡ് കണ്ട് ഇത് കൈക്കലാക്കുകയായിരുന്നു. പ്രതി മോഷ്ടിച്ച പണത്തില്‍ ആറ് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.


2022 ഒക്ടോബര്‍ 7നും 22 നും ഇടയില്‍ 61 തവണയായി ഷാജിയുടെ അക്കൗണ്ടിലെ പണം പിന്‍വലിച്ചെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തിരുവനന്തപുരം, ഇടമണ്ണ്, പുനലൂര്‍, കറ്റാനം, തമിഴ്നാട്ടിലെ മധുര, നാമക്കല്‍, സേലം എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. പണം പിന്‍വലിച്ച എടിഎം കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എല്ലാ ദൃശ്യങ്ങളിലും ഒരു ലോറിയുണ്ടായിരുന്നു. ലോറി ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. ഇതിലാണ് ബാലമുരുകന്‍ അറസ്റ്റിലായത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe