ആശുപത്രിയില്‍ പോകാനുള്ള ഭയം കാരണം യുവതി വീട്ടില്‍ പ്രസവിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം പുന്നലയ്ക്കടുത്താണ് സംഭവം.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഭര്‍ത്താവിന്റെ സാന്നിധ്യത്തിലായിരുന്നു യുവതി വീട്ടില്‍ പ്രസവിച്ചത്. യുവതിയുടെ ആദ്യ പ്രസവമാണിത്. സംഭവം പുറത്തറിഞ്ഞതോടെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കൊട്ടാരക്കര സ്വദേശിനിയാണ് യുവതി. സ്വന്തം വീട്ടില്‍ നിന്ന് ഒരാഴ്ച മുന്‍പാണ് യുവതി പ്രസവത്തിനായി ഭര്‍തൃ വീട്ടിലെത്തിയത്. കഴിഞ്ഞ രാത്രിയിലും ഇന്നലെ രാവിലെയും ആശുപത്രിയില്‍ പോകുന്ന കാര്യം ഭര്‍തൃവീട്ടുകാര്‍ സംസാരിച്ചിരുന്നു. കുഴപ്പമില്ലെന്ന മറുപടി മാത്രമാണ് നല്‍കിയതെന്നു ഭര്‍തൃപിതാവ് പറഞ്ഞു. ഉച്ചയ്ക്ക് 1ന് പ്രസവ വേദന തുടങ്ങിയപ്പോള്‍, ദമ്ബതികള്‍ മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോഴാണ് വീട്ടുകാരും അറിയുന്നത്.
പിന്നീട് ഭര്‍ത്താവ് തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി ആശുപത്രിയില്‍ പോകുന്നതിന് നിര്‍ദേശം നല്‍കിയെങ്കിലും കൂട്ടാക്കിയില്ല. വീട്ടില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആരോഗ്യ പ്രവര്‍ത്തകരും മടങ്ങി. പിന്നീട് മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ അനീഷ് ജോര്‍ജ് വിശദ വിവര റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കി. ഇതനുസരിച്ച് ഇന്ന് തുടര്‍ നടപടിയുണ്ടായേക്കും.
യുവതിയുടെ സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട പ്രശന്ങ്ങള്‍ ആശുപത്രിയില്‍ പോകുന്നതിനെ ഭയപ്പെടുത്തിയിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വാദം. ആദ്യ മൂന്നു മാസം മാത്രമാണ് ആശുപത്രിയില്‍ പോയിരുന്നത്. ഗര്‍ഭിണിയായ കാലം മുതല്‍ വീട്ടില്‍ പ്രസവിച്ചവരെക്കുറിച്ച് കൂടുതല്‍ അറിയാനും, പഠിക്കാനും യുവതി ശ്രമിച്ചിരുന്നു. ഇതനുസരിച്ച് സ്വയം പ്രസവം നടത്തുകയായിരുന്നെന്നും, താന്‍ സാക്ഷിയാവുക മാത്രമാണ് ചെയ്തതെന്നും ഭര്‍ത്താവ് പറഞ്ഞു. കുഞ്ഞിന് 2.900 കി.ഗ്രാം തൂക്കമുണ്ട്.