Type Here to Get Search Results !

പുലിഭീതിയില്‍ നെടുങ്കണ്ടവും; ജാഗ്രത നിര്‍ദേശവുമായി വനംവകുപ്പ്




ഇരട്ടയാറിന് പുറമെ നെടുങ്കണ്ടം പഞ്ചായത്തിന്‍റെ വിവിധ മേഖലകളിലും പുലിയെ കണ്ടതായി അഭ്യൂഹം. ഇതെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.


എഴുകുംവയല്‍ പുന്നക്കവല മേഖലയിലും മഞ്ഞപ്പാറ പത്തുവളവിലുമാണ് പുലിയിറങ്ങിയതായി അഭ്യൂഹം പരക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചയും പുന്നക്കവലക്ക് സമീപം താമസിക്കുന്ന ഓഴക്കല്‍ ജനാര്‍ദനന്‍റെ വീടിന്‍റെ പരിസരത്ത് പുലിയെ കണ്ടതായാണ് പ്രചാരണം. ജനാര്‍ദനന്‍റെ ബന്ധുക്കളും കുടുംബാംഗങ്ങളും പുലിയെ നേരിട്ട് കണ്ടുവെന്നാണ് പറയുന്നത്. ജനാര്‍ദനനും കുടുംബവും താമസിക്കുന്നത് ജനവാസ മേഖലയില്‍നിന്ന് മാറി പുല്‍മേടും പാറക്കെട്ടും നിറഞ്ഞ സ്ഥലത്തോട് ചേര്‍ന്നാണ്. വെള്ളിയാഴ്ച രാത്രി വീടിനോടുചേര്‍ന്ന തിട്ടയില്‍ സ്ഥാപിച്ച ജാറില്‍നിന്ന് വെള്ളം കുടിക്കാനെത്തിയ പുലിയെ കണ്ടെന്നാണ് അവര്‍ പറയുന്നത്. പുലിയെ കണ്ടപാടെ വളര്‍ത്തുനായ വീടിനുള്ളില്‍ ഓടിക്കയറി. വീട്ടിലുണ്ടായിരുന്നവര്‍ ബഹളംവെച്ചതോടെ പുലി പിന്തിരിഞ്ഞു.


ശനിയാഴ്ച പുലര്‍ച്ച പുലി വീണ്ടും വെള്ളം കുടിക്കാനെത്തി. വീട്ടുകാര്‍ നിലവിളിച്ചതോടെ ഓടി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. പുന്നക്കവലയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള 10 വളവില്‍ പുലിയെ കണ്ടതായും പ്രദേശത്ത് കാല്‍പ്പാടുകള്‍ കണ്ടെത്തിയതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍, വനംവകുപ്പിന് പുന്നക്കവലയില്‍, കാല്‍പ്പാടുകള്‍ കണ്ടെത്താനായിട്ടില്ല. കാമറ സ്ഥാപിച്ച്‌ നിരീക്ഷണം നടത്താനാണ് തീരുമാനം. ആഴ്ചകള്‍ക്ക് മുമ്ബ് നെടുങ്കണ്ടം കൈലാസത്ത്, വിവിധ ദിവസങ്ങളില്‍ പുലി ഇറങ്ങിയിരുന്നു. പൂര്‍ണമായും കാര്‍ഷിക-ജനവാസ മേഖലകളിലാണ് നിലവില്‍ പുലിയെ കണ്ടതായി പറയപ്പെടുന്നത്. പ്രദേശത്ത് വനമേഖലകളില്ല. പുന്നക്കവലയില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ.എസ്. കിഷോര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പി.എസ്. നിഷാദ്, ടി.ആര്‍. സജു, വി.ജെ. മജോ, അനീഷ് എന്നിവരടങ്ങിയ സംഘം പരിശോധന നടത്തിവരികയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe