Type Here to Get Search Results !

ഒമിക്രോണ്‍: കേരളത്തില്‍ വന്‍ സുരക്ഷാവീഴ്ച; റഷ്യയില്‍ നിന്നെത്തിയ 21 യാത്രക്കാരെ പരിശോധന കൂടാതെ വിട്ടയച്ചു

 



തിരുവനന്തപുരം: പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിന്‍്റെ ആശങ്കയില്‍ ലോകം നില്‍ക്കെ റഷ്യയില്‍ നിന്നും കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധന കൂടാതെ വിട്ടയച്ചു.


യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവരെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയശേഷം മാത്രമേ പുറത്ത് വിടാവൂ എന്ന കേന്ദ്രത്തിന്‍്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് യാത്രക്കാരെ പരിശോധിക്കാതെ വിട്ടയച്ചതെന്നാണ് റിപ്പോര്‍ട്ട്. മാത്രവുമല്ല ഇവര്‍ക്ക് ഹോം ക്വാറന്റീനില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടില്ല.



നവംബര്‍ 28 ഞായറാഴ്ചയാണ് ഇവര്‍ കേരളത്തില്‍ വിമാനമിറങ്ങിയത്. 20 പേര്‍ കൊച്ചിയിലും ഒരാള്‍ തിരുവനന്തപുരത്തുമാണ് പരിശോധന കൂടാതെ പോയത്. വിവിധ എയര്‍ അറേബ്യ വിമാനങ്ങളിലായാണ് 30 അംഗ മലയാളി സംഘം ഷാര്‍ജ വഴി കേരളത്തിലെത്തിയത്. 24 പേര്‍ കൊച്ചിയിലും, ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചു പേര്‍ തിരുവനന്തപുരത്തും, ഒരാള്‍ കോഴിക്കോട്ടുമാണ് വിമാനമിറങ്ങിയത്. ഇതില്‍ കോഴിക്കോട് വിമാനമിറങ്ങിയ ആളെയും തിരുവനന്തപുരത്തെത്തിയ മൂന്നുപേരെയും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കുകയും ഹോം ക്വാറന്റീന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൊച്ചിയിലെത്തിയ 20 പേരെയും തിരുവനന്തപുരത്ത് ഒരാളെയും പരിശോധിക്കുകയോ ഹോം ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.



അതേസമയം, റഷ്യയില്‍ നിന്നെത്തി പരിശോധനാ സ്ഥലത്ത് അവസാനമെത്തിയ നാലുപേരെ കൊച്ചിയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. ഇവര്‍ റഷ്യയില്‍ നിന്നെത്തിയതാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മറ്റുള്ള 20 പേരോടും പരിശോധനയുടെ കാര്യം പറഞ്ഞിരുന്നില്ല. റഷ്യയില്‍ നിന്നെത്തിയവരാണെന്ന് അറിഞ്ഞ് അധികൃതര്‍ അന്വേഷിച്ചപ്പോഴേക്കും ഇവര്‍ സ്ഥലംവിട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭവത്തെക്കുറിച്ച്‌ അറിയില്ലെന്നാണ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ പ്രതികരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ ഞായറാഴ്ച മുതല്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഞായറാഴ്ച മാത്രം 141 പേരെയാണ് ടെസ്റ്റിന് വിധേയരാക്കിയത്. എന്നാല്‍ ഇങ്ങനെയൊരു വീഴ്ച ഉണ്ടായതിനെക്കുറിച്ച്‌ അറിയില്ല. ഇക്കാര്യം അന്വേഷിക്കുമെന്ന് ഡോ. ജയശ്രീ പറഞ്ഞു.

ഒമൈക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ നവംബര്‍ 26 നാണ് വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിന് ഘടകവിരുദ്ധമായ കാര്യങ്ങളാണ് കൊച്ചി എയര്‍പോര്‍ട്ട് അധികൃതര്‍ വിശദീകരിക്കുന്നത്. വിമാനത്താവളം കേന്ദ്രമാര്‍ഗനിര്‍ദേശം പാലിക്കുന്നത് ചൊവ്വാഴ്ച മുതലാണ്. ഞായറാഴ്ചയാണ് ഇവര്‍ വിമാനമിറങ്ങിയത്. അതുകൊണ്ട് തന്നെ ഒരു വീഴ്ചയുമില്ല. നവംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്രസര്‍ക്കുലര്‍ വ്യക്തമാക്കുന്നതെന്നും കൊച്ചി എയര്‍പോര്‍ട്ട് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറയുന്നു.



അതിനിടെ, അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെക്കുറിച്ച്‌ മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും ഓഫീസുകളില്‍ അറിയിച്ചിരുന്നതായി വെളിപ്പെടുത്തല്‍. റഷ്യയില്‍ നിന്നും കൊച്ചിയിലെത്തി ടെസ്റ്റിന് വിധേയനായി ക്വാറന്റീനില്‍ കഴിയുന്ന ജയശങ്കര്‍ എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീഴ്ച സംഭവിച്ചതായി അറിഞ്ഞയുടന്‍ മുഖ്യമന്ത്രിയുടേയും വീണാജോര്‍ജിന്റേയും ഓഫീസുകളില്‍ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.



റഷ്യയില്‍ നിന്നും കൊച്ചിയിലെത്തുന്നതിന് ഒരു നിയന്ത്രണവും ഇല്ല. ഇത് അപകടകരമാണ്. വീഴ്ച ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനായി മണിക്കൂറുകളോളം വിമാനത്താവളത്തില്‍ ചെലവഴിക്കേണ്ടി വന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ സംബന്ധിച്ച്‌ ഉദ്യോഗസ്ഥര്‍ക്ക് അവ്യക്തതയാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ റഷ്യ പെടില്ലെന്നാണ് അവരുടെ ധാരണ. റഷ്യ യൂറോപ്പില്‍ പെടുന്നില്ലെന്നും ഏഷ്യയിലെ രാജ്യമാണെന്നുമാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. ഇതല്ലാതെ വീഴ്ചയ്ക്ക് മറ്റു വിശദീകരണമൊന്നും അവര്‍ക്ക് നല്‍കാനില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe