Type Here to Get Search Results !

വിലക്കുതിപ്പ്: താളംതെറ്റി അടുക്കള ബജറ്റ്, മീനിനും ചിക്കനും രക്ഷയില്ല

 




കോട്ടയം: കോവിഡ് പ്രതിസന്ധി വരുത്തിവെച്ച ആഘാതം വിട്ടുമാറുന്നതിനുമുന്നേ ഇരട്ടപ്രഹരമായി അവശ്യവസ്തുക്കളുടെ വിലക്കുതിപ്പ്.


നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയരുന്നതിനൊപ്പം ഗാര്‍ഹിക പാചകവാതക വില ഒറ്റയടിക്ക് 50 രൂപ കൂട്ടി. വിലവര്‍ധനക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് സാധാരണക്കാര്‍.


14.5 കിലോ വരുന്ന പാചകവാതക സിലിണ്ടറിന് 906 രൂപയായിരുന്നത് 957 രൂപയായാണ് ഉയര്‍ന്നത്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസിന്‍റെ വില ഒരുവര്‍ഷത്തിനുള്ളില്‍ 1000 രൂപയിലേറെയാണ് വര്‍ധിച്ചത്. ഹോട്ടല്‍ വിഭവങ്ങളുടെ വില ഇതോടെ ഇനിയും ഉയരും. പലവ്യഞ്ജനം, പച്ചക്കറി, മത്സ്യമാംസാദികള്‍ എന്നിവയുടെ വില കനത്തമഴയും വേനലും അടക്കം കാലാവസ്ഥ വ്യതിയാനത്തിന്‍റെ പേരില്‍ കുതിക്കുകയാണ്. അരി, പയര്‍വര്‍ഗങ്ങള്‍, പരിപ്പ് എന്നിവയുടെ വിലകൂടി. പച്ചക്കറിവില കുതിച്ചുയര്‍ന്നശേഷം അല്‍പം കുറഞ്ഞുനില്‍ക്കുകയാണ്. ലോറിവാടക കൂടുമെന്നതിനാല്‍ ഇനിയും വിലവര്‍ധിച്ചേക്കും.


പെട്രോള്‍, പാചകവാതക വിലവര്‍ധന സാധാരണക്കാരെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജീവിതം പഴയപടി കെട്ടിപ്പടുക്കാന്‍ പാടുപെടുമ്ബോള്‍ വിലകൂട്ടി കഷ്ടപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. കോവിഡ് മാറി ചെറിയൊരു ആശ്വാസം വന്നിരിക്കുന്ന സമയത്താണ് പാചകവാതകത്തിന്‍റെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം വില കാരണം എല്ലാ മേഖലയിലും സാധനങ്ങള്‍ക്ക് വില കുത്തനേകൂടി. വീട് നിര്‍മാണത്തിനുള്ള എല്ലാ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. എന്നാല്‍, നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന പല സാധനങ്ങള്‍ക്കും വില കിട്ടുന്നുമില്ലെന്നുമുള്ള ആശങ്കയിലാണ് ജനം.


താളംതെറ്റി അടുക്കള ബജറ്റ്


പച്ചക്കറിവില കുറഞ്ഞതിന് പിന്നാലെ ചിക്കന്‍വില കുതിച്ചുയരുകയും മീന്‍വില താഴാതെ നില്‍ക്കുകയും ചെയ്തത് വീട്ടമ്മമാരുടെ അടുക്കളക്കണക്കിന്‍റെ താളംതെറ്റി. നാലു മാസത്തിലേറെ ഉയര്‍ന്നുനിന്ന പച്ചക്കറിവില താഴ്ന്ന് സാധാരണക്കാര്‍ക്ക് ആശ്വാസകരമായ നിലയിലേക്ക് വന്നതിന് പിന്നാലെയാണ് ഇറച്ചി, മീന്‍ എന്നിവയുടെ വിലക്കയറ്റം. മിക്ക പച്ചക്കറി ഇനങ്ങളുടെയും വില 30 മുതല്‍ 40 വരെയാണ് നിരക്ക്. കാരറ്റ് മാത്രമാണ് ഇപ്പോഴും വില ഉയര്‍ന്നുനില്‍ക്കുന്നത്. 60 മുതല്‍ 90 രൂപ വരെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ വാങ്ങുന്നു. 400 രൂപ വരെയെത്തിയ മുരിങ്ങക്കായ വില 70 രൂപയിലെത്തി. വില ഉയര്‍ന്നപ്പോള്‍ അപ്രത്യക്ഷമായ പച്ചക്കറിക്കിറ്റുകളും കടകളില്‍ തിരികെയെത്തി. ഇപ്പോള്‍ 100 രൂപ നല്‍കിയാല്‍ നാലുകിലോ പച്ചക്കറി അടങ്ങിയ കിറ്റ് ലഭിക്കും. ചിലയിടങ്ങളില്‍ 150 രൂപക്കാണ് ഇത്രയും അളവു പച്ചക്കറി വില്‍ക്കുന്നത്. ചീര, പയര്‍, കോവക്ക, പാവക്ക തുടങ്ങിയ പച്ചക്കറികള്‍ പ്രാദേശിക കൃഷിയിടങ്ങളില്‍നിന്ന് വന്നുതുടങ്ങിയതും ഇവയുടെ വിലകുറയാന്‍ കാരണമായി. അടുക്കളകളില്‍ ഒഴിവാക്കാന്‍ കഴിയാത്ത തേങ്ങ, എണ്ണ എന്നിവയുടെ വില ഉയരുന്നത് വീട്ടമ്മമാര്‍ക്ക് തിരിച്ചടിയാകുന്ന അവസ്ഥയാണ്. തേങ്ങ കിലോക്ക് വില 45 രൂപക്കും മുകളിലാണ്. ഏറ്റവും വിലക്കുറവുണ്ടായിരുന്ന പാമോയില്‍ വിലപോലും 160 രൂപയിലെത്തി. വരും ദിവസങ്ങളില്‍ വീണ്ടും വില ഉയരുമെന്നാണു സൂചന.


മീനിനും രക്ഷയില്ല


ഇറച്ചി ഒഴിവാക്കി മീനിലേക്ക് ചുവടുമാറ്റാമെന്ന് കരുതിയാല്‍ അവിടെയും വിലക്കയറ്റം രൂക്ഷമാണ്. മാര്‍ക്കറ്റില്‍ പച്ചമീനിന്‍റെ ഏറ്റവും കുറഞ്ഞവില 150 രൂപയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. നെയ്മീന്‍ കിലോ 900 രൂപയില്‍ എത്തി. വറ്റ, കാളാഞ്ചി, മോത തുടങ്ങിയ ഇനങ്ങളുടെ വിലയും 400- 500 റേഞ്ചിലാണ്. മത്തി, അയല തുടങ്ങി സാധാരണക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്നവയുടെ വിലയും 200ന് മുകളിലാണ്. കായല്‍ മീനുകളുടെ വിലയും കൂടി. മേല്‍ത്തരം കരിമീന് 600 രൂപയായി. കായല്‍ മൊരശിന് 400 രൂപ വരെയെത്തി.


വലിയ മീനുകള്‍ക്ക് തോന്നിയ വിലയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. ജില്ലയില്‍ ഏറെ വില്‍പനയുള്ള തള മീനിനു 340 മുതല്‍ 380 രൂപ വരെയാണു വില. കേരക്ക് 300 രൂപയാണ് ആരംഭവില. വിള വറ്റക്ക് വില അഞ്ഞൂറിനടുത്താണ്. കൊഞ്ച്, കരിമീന്‍ എന്നിവക്ക് വിലപ്പമനുസരിച്ച്‌ വില 400 രൂപ വരെയത്തും. പ്രാദേശികമായി വിപണിലെത്തിക്കുന്ന വാള, തിലോപ്പിയ തുടങ്ങിയ ഇനങ്ങളുടെ വിലയും 150 രൂപക്ക് മുകളിലാണ്. പുഴമത്സ്യങ്ങളുടെ വരവ് കുറഞ്ഞതും കടല്‍മീനുകളുടെ വിലവര്‍ധനക്ക് കാരണമായെന്ന് വ്യാപാരികള്‍ പറഞ്ഞു.


ഡിമാന്‍ഡ് കൂട്ടി ചിക്കനും


സാധാരണക്കാരുടെ അടുക്കളയിലെ ആഡംബര വിഭവമായ ചിക്കന് നിലവില്‍ ഒരുകിലോക്ക് 165 രൂപവരെ നല്‍കണം. ഉല്‍പാദനം കുറഞ്ഞതും കോഴിത്തീറ്റ വില കൂടിയതും കോഴിവില കൂടാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു. വില കൂടിയതോടെ ചിക്കനും അടുക്കളയില്‍നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി.


തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കോഴിത്തീറ്റ വരുന്നത്. തീറ്റ വില കൂടിയതോടെ പ്രാദേശിക ഫാമുകളിലും ഉല്‍പാദനം കുറഞ്ഞു. പ്രതിസന്ധി മറികടന്ന് റമദാന്‍ കാലമാകുന്നതോടെ കോഴിലഭ്യത കൂടുമെന്നും അപ്പോള്‍ വിലകുറയുമെന്നാണ് പ്രതീക്ഷ. കുടുംബശ്രീ ചിക്കന് 148 രൂപയാണ് വില. 21 ഔട്ട്‌ലറ്റുകളാണ് ജില്ലയിലുള്ളത്. വിപണിയില്‍ ആവശ്യമായതിന്‍റെ ചെറിയശതമാനം മാത്രമാണ് കുടുംബശ്രീ ഔട്ലറ്റുകള്‍വഴി വില്‍ക്കാന്‍ കഴിയുന്നത്.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe