Type Here to Get Search Results !

അക്ഷരം പഠിപ്പിച്ച ജാനകി ടീച്ചറുടെ കഴുത്തറുക്കാന്‍ പ്രിയ വിദ്യാര്‍ത്ഥികള്‍ക്ക് മടി തോന്നിയില്ല: പുലിയന്നൂര്‍ ഞെട്ടിയ രാത്രി

 



കാസര്‍ഗോഡ്: പുലിയന്നൂര്‍ ഗ്രാമത്തെ ഞെട്ടിച്ച ദിവസമായിരുന്നു 2017 ഡിസംബര്‍ 13. പുലിയന്നൂര്‍ നിവാസികളുടെ പ്രിയപ്പെട്ട ജാനകി ടീച്ചറെയും ടീച്ചറുടെ ഭര്‍ത്താവായ കൃഷ്ണന്‍ മാസ്റ്ററെയും മോഷണ സംഘം കൊലപ്പെടുത്തിയ ദിവസം.


4 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസില്‍ വിധി പറയുന്നത്. കേസിലെ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍. ഒന്നാം പ്രതി പുലിയന്നൂര്‍ ചീര്‍കുളത്തെ പുതിയവീട്ടില്‍ വൈശാഖ്(32), മൂന്നാംപ്രതി മക്ലികോട് അള്ളറാട് വീട്ടില്‍ അരുണ്‍(അരുണ്‍കുമാര്‍-30) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. രണ്ടാംപ്രതിയായ റിനീഷി(28)നെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും കോടതി കണ്ടെത്തി.



പുലിയന്നൂര്‍ ഞെട്ടിയ ആ രാത്രി സംഭവിച്ചത്

2017 ഡിസംബര്‍ 13 ചീര്‍ക്കുളം അയ്യപ്പ ഭജനമന്ദിരത്തില്‍ വിളക്കുത്സവം നടക്കുന്ന ദിവസം. ഉത്സവമായതിനാല്‍ തന്നെ നാട്ടുകാരെല്ലാം ഉത്സവപ്പറമ്ബില്‍ ആയിരിക്കുമെന്ന് കണക്കുകൂട്ടിയായിരുന്നു ആക്രമി സംഘം ജാനകി ടീച്ചറുടെ വീട്ടിലെത്തിയത്. വീട്ടിലെ പണവും സ്വര്‍ണവും ലക്ഷ്യമിട്ടായിരുന്നു കവര്‍ച്ചാസംഘം എത്തിയത്. ടീച്ചറുടെ വീട്ടിലെത്തി സംഘം കോളിംഗ് ബെല്‍ അടിച്ച്‌ കാത്തുനിന്നു. കൃഷ്ണന്‍ മാസ്റ്റര്‍ എത്തി വാതില്‍ തുറന്നതും കവര്‍ച്ചാ സംഘം അകത്തേക്കിടിച്ച്‌ കയറി, വാതില്‍ അടച്ചു. അദ്ദേഹത്തെ സോഫയിലേക്ക് തള്ളിയിട്ടു. ബഹളം കേട്ട് ഓടിയെത്തിയ ടീച്ചറുടെ കൈകള്‍ രണ്ടും പുറകില്‍ കെട്ടിയിട്ടു. രണ്ട് പേരുടെയും വായ ടേപ്പ് കൊണ്ട് ഒട്ടിച്ചു.



ഇതിനിടെ സംഘത്തിലെ ഒരുവനായ അരുണ്‍ ടീച്ചറെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി അകത്തെ മുറിയിലേക്ക് കൊണ്ടുപോയി. അലമാരയില്‍ നിന്നും മറ്റ് രണ്ട് പേര്‍ പണവും സ്വര്‍ണവും എടുത്തു. ഇതിനിടെ, മുഖത്തേക്കൊഴുകിയ വിയര്‍പ്പ് തുടയ്ക്കാനായി അരുണ്‍ മുഖംമൂടി മാറ്റി. അരുണിനെ കണ്ട ടീച്ചര്‍ ഞെട്ടി. തന്റെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് തന്നെ അക്രമിക്കാനെത്തിയതെന്ന് ടീച്ചര്‍ തിരിച്ചറിഞ്ഞു. തന്നെ ടീച്ചര്‍ക്ക് മനസിലായെന്ന് അരുണിനും മനസിലായി. ഇതോടെ, അരുണ്‍ വിവരം സുഹൃത്തുക്കളോട് പറഞ്ഞു. ഇരുവരെയും കൊല്ലണമെന്ന് അരുണ്‍ തറപ്പിച്ച്‌ പറഞ്ഞു.



വീണ്ടും ടീച്ചറുടെ അടുത്തെത്തിയ അരുണ്‍ അവരുടെ കഴുത്തറുത്തു. ടീച്ചര്‍ അവിടെ വെച്ച്‌ തന്നെ മരിച്ചു. സോഫയില്‍ തളര്‍ന്നുകിടന്ന കൃഷ്ണന്‍ മാസ്റ്ററുടെ കഴുത്ത് വിശാഖും അറുത്തു. ശേഷം പ്രതികള്‍ സ്ഥലം വിട്ടു. കുറച്ച്‌ സമയത്തിന് ശേഷം മാഷ് എങ്ങനെയൊക്കെയോ ഫോണെടുത്ത് പോലീസ് സ്റ്റേഷനിലേക്കും മരുമകനെയും വിളിച്ചു കാര്യം പറഞ്ഞു. പോലീസെത്തി, അന്വേഷണമാരംഭിച്ചു. അന്വേഷണത്തിനിടെ നാട്ടുകാരെ പോലീസ് ചോദ്യം ചെയ്തു. ഇവര്‍ക്കിടയില്‍ മൂവര്‍സംഘവും ഉണ്ടായിരുന്നു.


 ഭാവവ്യത്യാസമില്ലാതെ പ്രതികള്‍ നിന്നു. അന്വേഷണം ഇനി തങ്ങള്‍ക്ക് നേരെ വരില്ലെന്ന് ഉറപ്പായപ്പോള്‍ അരുണ്‍ കുവൈത്തിലേക്ക് വണ്ടി കയറി. ഇതിനിടെ വൈശാഖും റിനീഷും ചേര്‍ന്ന് മോഷ്ടിച്ച സ്വര്‍ണം വിറ്റു. ഇത് ശ്രദ്ധയില്‍പ്പെട്ട വൈശാഖിന്റെ അച്ഛനാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. മകന്റെ കൈയില്‍ കുറേ പണമുണ്ടെന്ന് വൈശാഖിന്റെ അച്ഛന്‍ പോലീസില്‍ അറിയിച്ചു.

പോലീസെത്തി പ്രതികളെ പിടികൂടി. അന്വേഷണം ശരിയായ മാര്‍ഗത്തിലൂടെ നടത്തി അറസ്റ്റ് രേഖപ്പെടുത്തി. അരുണിനെ കുവൈത്തില്‍ നിന്നും വിളിച്ചുവരുത്തി. 2018 ഫെബ്രുവരി 21നും 22നുമായി പ്രതികള്‍ അറസ്റ്റിലായി. രണ്ട് മാസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ പോലീസിനായി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe