Type Here to Get Search Results !

പിസിആര്‍ പരിശോധന ഉപയോഗിച്ച്‌ 'ട്രാക്ക്' ചെയ്യാന്‍ ബുദ്ധിമുട്ട്! ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ഗവേഷകര്‍

 




ലണ്ടന്‍: സ്റ്റാന്‍ഡേര്‍ഡ് ലാബ് ടെസ്റ്റുകള്‍ ഉപയോഗിച്ച്‌ കണ്ടുപിടിക്കാന്‍ പ്രയാസമുള്ള ഒമിക്രോണ്‍ വകഭേദം (stealth version) ഗവേഷകര്‍ കണ്ടെത്തിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.


ഒമിക്രോണ്‍ വകഭേദത്തിന് സമാനമായ നിരവധി മ്യൂട്ടേഷനുകള്‍ ഇതിലുണ്ടെന്നും എന്നാല്‍ ഇതിന് ‘എസ് ജീന്‍ ഡ്രോപ്പ് ഔട്ട്’ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ജനിതകമാറ്റമില്ലെന്നും യുകെയിലെ ഗവേഷകര്‍ കണ്ടെത്തി. അതുകൊണ്ട്, പിസിആര്‍ പരിശോധനകളില്‍ ഇത് ‘ട്രാക്ക്’ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.


ജീനോം വിശകലനത്തിലൂടെയുള്ള പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കേണ്ടതിനാല്‍, ഗവേഷകര്‍ പുതിയ വകഭേദത്തിനെ ‘സ്റ്റെല്‍ത്ത് ഒമിക്രോണ്‍’ എന്ന് പേരിട്ടു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്ബിളുകളില്‍ നിന്നാണ് ഒമിക്രോണിന്റെ പുതിയ രൂപം കണ്ടെത്തിയത്.

ജിസൈഡ് ജീനോം ഡാറ്റാബേസിലേക്ക് നല്‍കിയ ഒമിക്രോണ്‍ ജീനോ സാമ്ബിളുകളുടെ ആറു ശതമാനം വകഭേദത്തിന്റെ പുതിയ സ്റ്റെല്‍ത്ത് പതിപ്പാണെന്നും, ഇത് ‘ബിഎ.2’ എന്ന് അറിയപ്പെടുന്നതായും യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ പ്രൊഫസര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് ദി ഗാര്‍ഡിയനോട് പറഞ്ഞു.


“ഒമിക്രോണിനുള്ളില്‍ ബിഎ.1, ബിഎ.2 എന്നീ രണ്ട് വിഭാഗങ്ങളുണ്ട്. അവ ജനിതകപരമായി വ്യത്യസ്തമാണ്”, ബലൂക്‌സ് പറഞ്ഞു.


അതേസമയം, ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ ഗുരുതരമല്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. നിലവിലുള്ള വാക്‌സിനുകള്‍ പുതിയ വകഭേദത്തില്‍ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേര്‍ത്തു.


“ഇത് കൂടുതല്‍ ഗുരുതരമാണെന്ന് പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നില്ല”, ലോകാരോഗ്യസംഘടന എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ എഎഫ്പിയോട് പറഞ്ഞു. എന്നാല്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe