കൊച്ചി: ലൈംഗിക പീഡനക്കേസില്‍ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ അറസ്റ്റില്‍. എറണാകുളം സെന്റ്ട്രല് പൊലീസാണ് കേസെടുത്തത്.
. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായത്. കേസില്‍ ഇദ്ദേഹത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നല്കി.
ബലാല്‍സംഗ കുറ്റമാണ് വെട്ടിയാറിനെതിരെ ചുമത്തിയത്. പരാതിയെത്തിയതിന് പിന്നാലെ ശ്രീകാന്ത് ഒളിവില്‍ പോകുകയായിരുന്നു. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.
ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കോച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. വ്ളോഗുകളിലൂടെ ആനുകാലിക വിഷയങ്ങളെ ആക്ഷേപഹാസ്യമാക്കി ശ്രദ്ധേയനായ താരമാണ് ശ്രീകാന്ത് വെട്ടിയാര്‍.