Type Here to Get Search Results !

പ്ലസ് വണ്‍ പ്രവേശനത്തിന് എങ്ങനെ അപേക്ഷിക്കാം; പ്രധാന മാറ്റങ്ങള്‍ , തീയതികള്‍ എന്നിവ വിശദമായി അറിയാം





സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി , വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.


സ്കൂളുകളുടെ വിവരം, സീറ്റുകളുടെ എണ്ണം, കോഴ്സുകള്‍, എന്നിങ്ങനെ പ്രവേശനത്തിന് സഹായിക്കുന്ന വിവരങ്ങള്‍ അടങ്ങിയ പ്രൊസ്പെക്റ്റസ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. അപേക്ഷ നല്‍കേണ്ട വിധം, പ്രധാന തിയതികള്‍, പ്രവേശനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം അറിഞ്ഞുവേണം അപേക്ഷ സമര്‍പ്പിക്കാന്‍.


അപേക്ഷ സമര്‍പ്പണം ഓണ്‍ലൈനില്‍


പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. 2022 ജൂലൈ 11 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ക്ക് സ്വന്തമായോ, അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്ബ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്‍മെന്റ് / എയ്ഡഡ് ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ കമ്ബ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.


ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി /വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഏകജാലക പോര്‍ട്ടല്‍ www.admission.dge.kerala.gov.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.


അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18.


  • ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍

  • ട്രയല്‍ അലോട്ട്‌മെന്റ് തീയതി : ജൂലൈ 21

  • ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27


  • മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത് 11



മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്.· മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2022 സെപ്തംബര്‍ 30 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.


സ്‌പോര്‍ട്ട്‌സ് ക്വാട്ട അഡ്മിഷന്‍


പ്ലസ് വണ്‍ പ്രവേശനത്തിനായി കായിക മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നേടാം. സ്‌പോര്‍ട്ട്‌സ് ക്വാട്ട അഡ്മിഷന്‍ രണ്ട് ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ സംവിധാനത്തില്‍ ആയിരിക്കും.

ആദ്യ ഘട്ടത്തില്‍ സ്‌പോര്‍ട്ട്‌സില്‍ മികവ് നേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ അതാത് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


രണ്ടാം ഘട്ടത്തില്‍ പ്ലസ് വണ്‍ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂള്‍/കോഴ്‌സുകള്‍ ഓപ്ഷനായി ഉള്‍ക്കൊള്ളിച്ച്‌ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.


പ്രധാന മാറ്റങ്ങള്‍


അക്കാദമിക് മികവിന് മുന്‍ തൂക്കം നല്‍കുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങള്‍ ഈ വര്‍ഷം നടപ്പിലാക്കുന്നു


.1. നീന്തല്‍ അറിവിനു നല്‍കി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.


2. ഓരോ വിദ്യാര്‍ത്ഥിയുടേയും W G P A (Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്. W G P A സൂത്രവാക്യത്തില്‍ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്.


W G P A ഏഴ് ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകര്‍ക്ക് തുല്യ പോയിന്റ് ലഭിച്ചാല്‍ W G P A സൂത്രവാക്യത്തില്‍ ആദ്യഭാഗം കൂടുതല്‍ ഉള്ളത് റാങ്കില്‍ മുന്നില്‍ ഉള്‍പ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.


3. ടൈ ബ്രേക്കിങിന് - എന്‍.റ്റി.എസ്.ഇ. (നാഷണല്‍ ടാലന്റ് സെര്‍ച് പരീക്ഷയിലെ) മികവിനൊപ്പം ഈ വര്‍ഷം പുതിയതായി എന്‍.എം.എം.എസ്.എസ്.ഇ (നാഷണല്‍ മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് സ്‌കീം പരീക്ഷ ),യു.എസ്.എസ്., എല്‍.എസ്.എസ്. പരീക്ഷകളിലെ മികവുകള്‍ കൂടി ഉള്‍പ്പെടുത്തി.


4. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നായി വര്‍ദ്ധിപ്പിച്ചു.


5. മുഖ്യഘട്ടം മുതല്‍ തന്നെ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവും താല്‍ക്കാലിക അധിക ബാച്ചുകളും അനുവദിച്ച്‌ അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.


6. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.


7. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 % കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.


8. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.


9. മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഇല്ല.


10. കഴിഞ്ഞ അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും ഉള്‍പ്പടെ ആകെ 81 താല്‍ക്കാലിക ബാച്ചുകള്‍ ഈ വര്‍ഷം ഉണ്ടാകുന്നതാണ്.


വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനം


പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാര്‍ത്ഥികള്‍ക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകള്‍ ആണ് ഉള്ളത്.


ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകള്‍ ആണ് വി.എച്ച്‌. എസ്.ഇ യില്‍ ഉള്ളത്.ഈ അദ്ധ്യയന വര്‍ഷത്തില്‍ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എന്‍.എസ്.ക്യു.എഫ് ) പ്രകാരമുള്ള 47 സ്‌കില്‍ കോഴ്‌സുകളാണ് വി.എച്ച്‌. എസ്.ഇ സ്‌കൂളുകളില്‍ നടപ്പിലാക്കുക. ഈ വര്‍ഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങള്‍ക്ക് പുറമെ പുതിയ 3 എന്‍.എസ്.ക്യു.എഫ് കോഴ്‌സുകള്‍ കൂടി വി.എച്ച്‌. എസ്.ഇ യില്‍ ലഭ്യമാക്കുന്നതാണ്.


1. ലാബ് ടെക്‌നീഷ്യന്‍ - റിസര്‍ച്ച്‌ & ക്വാളിറ്റി കണ്ട്രോള്‍


2. ഹാന്റ് ഹെല്‍ഡ് ഡിവൈസ് ടെക്‌നീഷ്യന്‍


3. കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് -മീറ്റ് & ഗ്രീറ്റ് എന്നിവയാണവ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe