Type Here to Get Search Results !

പാരമ്പര്യം വേണോ, തുല്യത വേണോ? നിക്കാഹിന് വധു വന്നാൽ എന്താണ് കുഴപ്പം? കേരളത്തിലെ മുസ്ലിം ചെറുപ്പക്കാ‍ർ പറയുന്നു

 




 കോഴിക്കോട് പാലേരി ജുമാ മസ്ജിദിൽ നിക്കാഹ് ചടങ്ങിൽ വധു പങ്കെടുത്തത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. സംഭവം ചർച്ചയായതോടെ യുവതിക്ക് നിക്കാഹ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വധു ചടങ്ങിൽ പങ്കെടുത്തത് അബദ്ധമാണെന്നാണ് വിശദീകരണം. എന്നാൽ കേരളത്തിലെ മുസ്ലിം യുവാക്കൾ വിഷയത്തെ വിമർശനാത്മകമായാണ് കാണുന്നത്.


"പെണ്ണിന്റെ വാപ്പയും ഞാനും തമ്മിലുള്ള കരാർ മാത്രമല്ലല്ലോ വിവാഹം. അതിന് സാക്ഷ്യം വഹിക്കേണ്ടത് അവളുംകൂടിയാണ്. ഞങ്ങളാണ് ജീവിക്കേണ്ടത്. അതുകൊണ്ട് വിവാഹ കർമ്മത്തിൽ സ്ത്രീയും പങ്കെടുക്കേണ്ടതാണ്. സ്ത്രീ താൽപര്യം പ്രകടിപ്പിച്ചാൽ അവരെക്കൂടി ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടതാണ്. പള്ളി കമ്മിറ്റിക്ക് അനുവാദം കൊടുക്കാവുന്നതേയുള്ളൂ. മുജാഹിദുകളുടെ പള്ളികളിൽ സ്ത്രീകൾക്ക് നിസ്കാരത്തിനുള്ള പ്രത്യേക സൗകര്യമുണ്ട്. സുന്നികളുടെ പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. എന്റെ പള്ളികളിൽ സ്ത്രീകൾ വരാറില്ല." കൊച്ചി സ്വദേശിയായ 25 കാരൻ  പറഞ്ഞു.




കുറ്റ്യാടി സ്വദേശി കെ എസ് ഉമറിന്റെ മകൾ ബഹ്ജ ദലീലയാണ് ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ സാക്ഷിയായത്. വരനിൽ നിന്ന് വേദിയിൽ വെച്ച് ബഹ്ജ മഹർ സ്വീകരിച്ചു. സാധാരണ വിവാഹത്തിനു ശേഷം വധുവിന്റെ വീട്ടിലെത്തിയാണ് വരൻ മഹർ നൽകാറ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായിട്ടായിരുന്നു പാലേരിയിലെ വിവാഹം.


Read Also:- ആലുവ ഫയർ ഫോഴ്സിന് അഭിമാനിക്കാം ഈ കർമ്മ ഭടന്മാരെ ഓർത്ത്



മലപ്പുറം സ്വദേശിയായ യുവതി തന്റെ വിവാഹ സങ്കൽപ്പത്തെക്കുറിച്ച് സമയത്തോട് പറഞ്ഞത് ഇങ്ങനെ- "വിവാഹ ചടങ്ങിൽ പങ്കെടുക്കണമെന്നാണ് എൻ്റെ ആഗ്രഹം. നമ്മുടെ ജീവിതത്തിൽ ഒരു പ്രാധാന്യവും ഇല്ലാത്ത ആളുകൾ എനിക്കുവേണ്ടി അഭിപ്രായം പറയുകയും കരാറിൽ ഏർപ്പെടുകയും ചെയ്യും. സ്ത്രീക്ക് അവിടെ ഒരു സ്ഥാനവുമില്ല. പെണ്ണിന്റെ കല്യാണം ആണെങ്കിലും ഞാൻ ഒപ്പിട്ടുകൊടുക്കേണ്ടിടത്ത് എന്റെ ബാപ്പയാണ് ഒപ്പിട്ടുകൊടുക്കേണ്ടത്. എന്റെ കൈ പിടിച്ചുകൊടുക്കേണ്ടിടത്ത് ബാപ്പയുടെ കൈപിടിച്ചു കൊടുക്കുകയാണ്. എന്റെ ബാപ്പ അവിടെ പറയേണ്ടത് എന്റെ മകളെ ഞാൻ കല്യാണം കഴിച്ചു തരുന്നു, ഭർത്താവ് ആകാൻ പോകുന്നയാൾ നിങ്ങളുടെ മകളെ ഞാൻ സ്വീകരിക്കുന്നു എന്ന് പറയും. അതാണ് കല്യാണം. അവിടെ എന്റെ സ്ഥാനം എവിടെയാണ്? അങ്ങനെയൊരു കല്യാണം വേണോ?" മലപ്പുറം തൃപ്രങ്ങോട് സ്വദേശിയായ യുവതി ചോദിക്കുന്നു.


Read Also:- പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ



"നിക്കാഹ് പള്ളിയിൽ വെച്ച് നടത്തണമെന്നില്ല. പെണ്ണിന്റെ മഹലിൽ നിന്നും വരുന്ന ഉസ്താദ്, നിക്കാഹ് ചെയ്യുന്ന ചെയ്യുന്ന ആൾ, പെണ്ണിന്റെ പിതാവും രണ്ട് സാക്ഷികളുമാണ് വിവാഹത്തിനു വേണ്ടത്. നിക്കാഹ് പള്ളിയിൽവെച്ച് നടത്തിയാൽ മുസ്ലിങ്ങൾക്കു മാത്രമേ പങ്കെടുക്കാൻ പറ്റൂ. എന്നാൽ ഇതേ പരിപാടി വീട്ടിൽ വെച്ച് നടത്തിയാൽ ആർക്കും പങ്കെടുക്കാം. ഞാൻ വിവാഹം കഴിക്കുമ്പോൾ പെൺകുട്ടി പള്ളിയിൽ വന്നിരുന്നില്ല. അവൾ പള്ളിയിൽ വരുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചിരുന്നില്ല. വീട്ടിൽ വെച്ച് വിവാഹം നടത്തിയിരുന്നെങ്കിൽ ഉമ്മയ്ക്കും വീട്ടിലുള്ള സ്ത്രീകൾക്കും വിവാഹത്തിൽ പങ്കെടുക്കാമായിരുന്നു. കാരണവന്മാരാണ് പള്ളിയിൽ വെച്ച് നടത്താൻ തീരുമാനിച്ചത്. അവരുടെ ആഗ്രഹപ്രകാരമാണ് അവിടെ നടത്തിയത്." അടുത്തിടെ വിവാഹം കഴിഞ്ഞ വളാഞ്ചേരി സ്വദേശിയായ സുന്നി യുവാവ് പറയുന്നു.


Read Also:- 12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ


"നാട്ടുനടപ്പ് അനുസരിച്ച് വിവാഹം കഴിച്ചാൽ പോരേ? കല്യാണം കഴിക്കുമ്പോൾ സ്ത്രീകൾ പള്ളിയിൽ വരുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല. ഇതുവരെ അങ്ങനെയൊന്നും ഇല്ലല്ലോ." തൃശൂർ സ്വദേശിയായ 26 കാരൻ പ്രതികരിച്ചു.



സാധാരണ പള്ളിയിൽ വെച്ചു നടക്കുന്ന വിവാഹ ചടങ്ങിൽ വധുവിനെ പങ്കെടുപ്പിക്കാത്തതുകൊണ്ടാണ് പാലേരിയിലെ വിവാഹ ചടങ്ങ് വാർത്തയാകുന്നത്. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ വരന്റെയും വധുവിന്റെയും കുടുംബത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാൽ വിമർശനങ്ങളുയർന്നതോടെ മഹല്ല് കമ്മിറ്റി മലക്കം മറിഞ്ഞു. തങ്ങളുടെ അനുവാദമില്ലാതെയാണ് വധുവിനെ പള്ളിയിൽ പ്രവേശിപ്പിച്ചതെന്ന് അവർ നിലപാടുമാറ്റി. ഓഫീസ് കൈകാര്യം ചെയ്തവർക്കു പറ്റിയ അബദ്ധമാണിതെന്നായി ഒടുവിലത്തെ വിശദീകരണം. എന്നാൽ കമ്മിറ്റിയുടെ അനുവാദത്തോടെ നടത്തിയ വിവാഹം അങ്ങനെയല്ലെന്ന് പറയുന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് വരന്റെ ബന്ധുക്കൾ പറയുന്നത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe